ജന്തർ മന്തറിൽ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ സംസാരിച്ച ടി. ജി. മോഹൻദാസിനെ രൂക്ഷമായി വിമർശിച്ച് സംവിധായിക അഞ്ജലി മേനോൻ.
ടി.ജി. മോഹൻദാസിന്റെ പരാമർശത്തിനെതിരെ കടുത്ത ഭാഷയിലാണ് അഞ്ജലി മേനോൻ പ്രതികരിച്ചത്. വെറുപ്പുളവാക്കുന്ന പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണിതെന്നും ഇത്തരക്കാരെ വേരോടെ പിഴുതെറിയണമെന്നും അഞ്ജലി പറഞ്ഞു.
‘‘ഇത് കേട്ടിട്ട് എന്നിൽ കടുത്ത അമർഷവും അറപ്പും ഉളവാക്കുന്നു; വികൃതമായ ഈ വാക്കുകളിൽ നിന്ന് തികഞ്ഞ അറപ്പോടെ മുഖം തിരിക്കാനാണ് എനിക്ക് ആദ്യം തോന്നുന്നത്. എന്നാൽ ഇത് എതിർക്കപ്പെടേണ്ടതുണ്ട്. ഇത് വെറുപ്പുളവാക്കുന്ന പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ്. ഇതിന്റെ ഉത്തരവാദിത്തം ഇത് പറഞ്ഞ വ്യക്തിക്കും, ഇത് റെക്കോർഡ് ചെയ്തയാൾക്കും, യൂട്യൂബിൽ പങ്കുവച്ചയാൾക്കും, ഇത് ലൈക്ക് ചെയ്തവർക്കും, ഇതിനെ പിന്തുണച്ച എല്ലാവർക്കും ഉള്ളതാണ്.
ഇത്തരമൊരു ഭാവി സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു 'മാനോസ്ഫിയർ' ചിന്താഗതിയാണിത്. ‘ഒരാൾ സംസാരിക്കുന്ന വാക്കുകൾ അവരുടെ ഉള്ളിന്റെയുള്ളിനെ വെളിപ്പെടുത്തുന്നു; അത് വ്യക്തിപരമായ സ്വഭാവശുദ്ധിയുടെയും ധാർമ്മികതയുടെയും കണ്ണാടിയായി വർത്തിക്കുന്നു. അവ മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുകയും, പൊതുസമൂഹത്തിന് മുന്നിലുള്ള വ്യക്തിത്വത്തെ നിർവചിക്കുകയും, ഭാവിയിലെ ഫലങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.’ അതിനാൽ ദയവായി ഇത് കണ്ടില്ലെന്ന് നടിക്കരുത്. ഇതിനെ ചോദ്യം ചെയ്യുക. അപലപിക്കുക. വേരോടെ പിഴുതെറിയുക.’’അഞ്ജലി മേനോൻ കുറിച്ചു.
സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു മോഹൻദാസിന്റെ പ്രതികരണം.
‘‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും.’’ ഇതായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പ്രസ്താവന.