ന്യൂഡല്‍ഹി: സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെറിറ്റ് (എസ്ഒഎം) വനിതാ വിഭാഗത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിലവിലെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കനത്ത പരാജയം. എസ്ഒഎം തെരഞ്ഞെടുപ്പില്‍ ഉഷ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ മുന്‍ ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ഒന്നാം സ്ഥാനത്തെത്തി.
ഇതോടെ ഡിസംബര്‍ അഞ്ചിനു നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത പി.ടി. ഉഷയ്ക്ക് ഏറെക്കുറെ നഷ്ടമായി. നാലു സീറ്റുകളിലേക്ക് ആറു പേരായിരുന്നു മത്സരിച്ചത്.
ഒന്നാമതെത്തിയ അഞ്ജുവിന് 53 വോട്ട് ലഭിച്ചു. ഇന്ത്യയുടെ മുന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍ 50 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. മുന്‍ അമ്പെയ്ത്ത് താരം ഡോള ബാനര്‍ജി 45 വോട്ടോടെ മൂന്നാമതായി. ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ 43 വോട്ടുകളോടെ നാലാംസ്ഥാനത്തെത്തി.
അഞ്ചാം സ്ഥാനത്തായ ഉഷയ്ക്ക് 40 വോട്ടേ കിട്ടിയുള്ളൂ. ബാസ്കറ്റ്ബാള്‍ താരം അനിത പോള്‍ ദുരൈ ആറു വോട്ടുമായി അവസാന സ്ഥാനത്തായി. നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന് (എന്‍എസ്എഫ്) ജനറല്‍ അസംബ്ലിയിലേക്കു നാമനിര്‍ദേശം ചെയ്താല്‍ മാത്രമേ ഐഒഎ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉഷയ്ക്ക് ഇനി മത്സരിക്കാന്‍ കഴിയൂ.
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് ഐഒഎ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച 80 മുന്‍ കായികതാരങ്ങളടങ്ങിയ വോട്ടര്‍പട്ടികയിലെ അംഗങ്ങളാണ്. എസ്ഒഎം പുരുഷ വിഭാഗത്തില്‍ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഗഗന് നാരംഗ്, വിജയേന്ദര്‍ സിംഗ്, യോഗേശ്വര്‍ ദത്ത്, കമലേഷ് മേത്ത എന്നിവര്‍ക്കൊപ്പം ഇവരും ജനറല്‍ അസംബ്ലിയുടെ ഭാഗമാകും. ഡിസംബര്‍ അഞ്ചിലെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ട് ചെയ്യാനും ഈ എട്ടുപേര്‍ക്കും അര്‍ഹതയുണ്ട്.