ലണ്ടൻ: കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അടുത്ത സീസണിൽ ഐപിഎൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് താരം ജേക്കബ് ബെഥൽ. പരിക്കിൽനിന്ന് പൂർണമായി മോചിതനാകുന്നതിനാണ് ഇനി മുൻഗണന നൽകുകയെന്ന് താരം വ്യക്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള രണ്ടുവർഷത്തെ ബന്ധത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് ബെഥൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് താരം തന്റെ തീരുമാനം അറിയിച്ചത്. ആദ്യ ഐപിഎൽ അനുഭവം സമ്മാനിച്ചതിനും രണ്ട് കിരീടനേട്ടങ്ങളുടെ ഭാഗമാകാൻ അവസരം നൽകിയതിനും ആർസിബിയോട് നന്ദി പറയുന്നതായി ബെഥൽ കുറിച്ചു. മികച്ച രണ്ട് വർഷങ്ങൾ സമ്മാനിച്ച ആർസിബിക്ക് നന്ദി. എന്റെ ആദ്യ ഐപിഎൽ അനുഭവത്തിനായി ഇതിലും മികച്ചൊരു ഫ്രാഞ്ചൈസിയെ ലഭിക്കാനില്ല.
ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പം ഡ്രസിംഗ് റൂമും മൈതാനവും പങ്കിടാൻ കഴിഞ്ഞതും അതിലുപരി രണ്ട് കിരീടനേട്ടങ്ങളുടെ ഭാഗമാകാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നു. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ കളിക്കുന്നതിനുപകരം കാൽമുട്ടിലെ പരിക്ക് പൂർണമായി ഭേദമാക്കുന്നതിനായിരിക്കും ശ്രദ്ധ നൽകുകയെന്നും ഇടംകൈയൻ ബാറ്ററായ ബെഥൽ വ്യക്തമാക്കി. ഐപിഎൽ 2027 മിനി ലേലത്തിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ആർസിബി താരത്തെ ടീമിൽ നിലനിർത്തിയിരുന്നില്ല.