പത്തനംതിട്ട: ജില്ലയിൽ വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്തു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ആറന്മുള എഴിക്കാട് ഉന്നതിയിലാണ് രണ്ടാമത്തെ കേസും. എട്ടു വയസുകാരിക്കാണ് രോഗബാധ. കുട്ടി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തേ രോഗം ബാധിച്ച 10 വയസുകാരിയുടെ അയൽവാസിക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ രണ്ടാമത്തെ കേസാണിത്. ആദ്യത്തെ കുട്ടി രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
സ്കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥിന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചതാണ്. എന്നാൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചസംഭവിച്ചിട്ടുണ്ട്. രോഗാണു കുട്ടികളിലൂടെയാണ് വേഗം പടരുന്നത്.
ജില്ലയിൽ മിക്ക സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്.ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. ഹോട്ടലുകളിലും ആരോഗ്യവകുപ്പിന്റെ യാതൊരു പരിശോധനകളും നടക്കുന്നില്ല. വ്യത്തി ഹീനമായ അന്തരീക്ഷത്തിലാണ് ജില്ലയിൽമിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത്.