പുകവലിയുടെ കെടുതികൾ മനസിലാക്കാനും അതിൽനിന്ന് മോചനം നേടാനുമുള്ള ദിനമാണ് ഇന്ന്. മേയ് 31. ലോക പുകയിലവിരുദ്ധ ദിനം. ആയുസ് എത്താതെയുള്ള മരണത്തിന്റെ മുഖ്യകാരണം പുകവലിയാണ്. 85 ശതമാനം ശ്വാസകോശ കാൻസറും 60% തൊണ്ട, വായ്, അന്നനാള കാൻസറുകളും 28 ശതമാനം മറ്റു കാൻസറുകളും പുകയിലമൂലം ഉണ്ടാകുന്നതാണ്.
കാൻസർ മരണങ്ങളിൽ 80-90 ശതമാനവും തൊണ്ടയിലോ വായിലോ കാൻസർ വന്നാണ് സംഭവിക്കുന്നത്. ഇതിന് മുഖ്യകാരണം പുകവലിയാണ്. അതാണ് പുകവലിയെ ‘സ്ലോ പോയിസൻ’ എന്ന് പറയുന്നത്. പുകവലിയിലൂടെ മരണത്തെയാണ് നാം വലിച്ചു കയറ്റുന്നത്.
ഭീതി ജനിപ്പിക്കുന്ന കണക്കുകൾ
ലോക ജനസംഖ്യയിൽ പത്തിലൊന്നു വീതം പുകയിലജന്യങ്ങളായ രോഗങ്ങൾ മൂലമാണ് മരിക്കുന്നത്. ആറ് സെക്കൻഡിൽ ഒരാൾ വീതം പുകയില ഉപയോഗം മൂലം ലോകത്ത് മരിക്കുന്നു. എട്ട് ദശലക്ഷം പേരാണ് പ്രതിവർഷം പുകയില ഉപയോഗംമൂലം മരിക്കുന്നത്. അതിൽ 28 ശതമാനം കുട്ടികളാണ്.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 13.5 ലക്ഷം പേർ പുകയില സംബന്ധമായ രോഗങ്ങൾമൂലം മരിക്കുന്നു. ഇന്ത്യയിൽ 26.7 കോടി ആളുകൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ ഏകദേശം 29 ശതമാനം പേർ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണ്. 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ 38% പേർ പുകയില ഉപയോഗിക്കുന്നു. ഇന്ത്യയിൽ 12 കോടി ജനങ്ങൾ പുകയിലയ്ക്ക് അടിമകളാണ്. പ്രതിവർഷം 10 ലക്ഷത്തിലധികംപേരാണ് പുകയില മൂലം മരിക്കുന്നത്.
കേരളത്തിലെ പുരുഷന്മാരിലെ പുകയിലയുപയോഗം ഏകദേശം 17 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാൾ കുറവാണിത്. കേരളത്തിലെ സ്ത്രീകളിലെ പുകയില ഉപയോഗം രണ്ടു ശതമാനവും. പുകവലിക്കെതിരേയുള്ള ബോധവത്കരണ ശ്രമങ്ങൾ കേരളത്തിൽ വിജയകരമായിരുന്നു.
ആയുസ് കുറയ്ക്കും
പുകവലിക്കുന്നയാളുടെ സമയത്തിന് മണിക്കൂറിന് 55 മിനിറ്റേയുള്ളൂ. അയാൾവലിക്കുന്ന ഓരോ സിഗരറ്റും സ്വന്തം ആയുസിൽനിന്ന് അഞ്ച് മിനിറ്റ് കുറയ്ക്കുന്നു. 25 വയസുള്ള ചെറുപ്പക്കാരൻ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാൽ അയാൾ അഞ്ചു വർഷം നേരത്തേ മരിക്കും.
പുകവലിക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 70 ശതമാനവും ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത 25 ശതമാനവും കൂടുതലാണ്. 100 പേർ പുകവലിക്കുന്നെങ്കിൽ അതിൽ 50 പേരും മരിക്കുന്നത് ഏതെങ്കിലും പുകയിലജന്യമായ രോഗത്താലായിരിക്കും.
കാൻസർ വിതയ്ക്കുന്നു
പുകയിലയിൽ ഏകദേശം 7,000 രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ 250 എണ്ണം അപകടകാരികളാണ്. 70 എണ്ണം ഏതെങ്കിലും തരത്തിലുള്ള കാൻസറിന് കാരണമായവയാണ്. പുകവലി എല്ലാ അവയവങ്ങളെയും ബാധിക്കും.
പുകവലിയുടെ ഇരകൾ
ബീഡി, സിഗരറ്റ്, സിഗാർ, ഹുക്ക, ഇ-സിഗരറ്റ്, പൈപ്പ്, പാൻ മസാല, പുകയില, മുറുക്ക്, മൂക്കിപ്പൊടി തുടങ്ങിയവയാണ് പുകയില ഉത്പന്നങ്ങൾ. ഉപയോഗിക്കുന്നയാൾ മാത്രമല്ല അടുത്തിരിക്കുന്നവരും പുകവലിയുടെ ഇരകളാണ്. മറ്റുള്ളവർ പുകവലിക്കുമ്പോൾ ആ പുക ശ്വസിക്കുന്ന അവസ്ഥയാണ് നിഷ്ക്രിയ ധൂമപാനം (Passive smoking). ഗർഭിണി പുകവലിച്ചാലും ഗർഭിണിയുടെ അടുത്തിരുന്ന് മറ്റൊരാൾ പുകവലിച്ചാലും അത് ഗർഭസ്ഥശിശുവിനെ ബാധിക്കും. കുഞ്ഞിന് ശരീരഭാരം കുറയാനും മാസം തികയാതെ പ്രസവിക്കാനും ഗർഭഛിദ്രം ഉണ്ടാകാനും ചാപിള്ള ജനിക്കാനും സാധ്യതയുണ്ട്. കൂടാതെ ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ്, സാമൂഹ്യ വൈകല്യങ്ങൾ, ആന്തരികാവയങ്ങളുടെയും തലച്ചോറിന്റെയും വൈകല്യങ്ങൾ, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും കുഞ്ഞിന് ഭാവിയിൽ കാൻസറും ഉണ്ടാകാൻ ഇടയുണ്ട്.
നിരവധി രോഗങ്ങളുടെ ഹേതു
പുകവലി മൂലം കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, വന്ധ്യത, ബ്രോങ്കൈറ്റിസ്, അൽഷിമേഴ്സ്, പക്ഷാഘാതം, ധമനി രോഗങ്ങൾ, ആമാശയ-കുടൽ വ്രണങ്ങൾ, വലിവ്, ന്യൂമോണിയ, ടോൺസിലൈറ്റസ്, ചർമം കരുവാളിക്കൽ, പല്ലിന് കേടുകൾ, വായിൽ വ്രണങ്ങൾ തുടങ്ങിയ ഉണ്ടാകാം.
നിക്കോട്ടിൻ എന്ന വിഷവസ്തു
പുകയിലയിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ വിഷവസ്തുവാണ് നിക്കോട്ടിൻ. കാർബൺ, ഹൈഡ്രജൻ, നൈട്രജൻ എന്നിവയുടെ സംയുക്തമാണ് നിക്കോട്ടിൻ എന്ന വിഷവസ്തു. അരത്തുള്ളി ഗാഢലായനിക്ക് ഒരാളെ കൊല്ലാൻ കഴിയും. നിക്കോട്ടിനാണ് ആസക്തി ജനിപ്പിക്കുന്നത്. പുകവലിക്കുമ്പോൾ 20 സെക്കൻഡിനുള്ളിൽ നിക്കോട്ടിൻ തലച്ചോറിൽ ഉത്തേജനം സൃഷ്ടിക്കും. നിക്കോട്ടിൻ ലെവൽ താഴ്ന്നാൽ വീണ്ടും പുകവലിക്കാൻ തോന്നും.
ഡോപാമിൻ എന്ന ഹാപ്പി ഹോർമോൺ
പുകവലിക്കുമ്പോൾ ഡോപാമിൻ എന്ന ഹാപ്പി ഹോർമോൺ തലച്ചോറിൽ ഉണ്ടാകുന്നു. ഇതിന്റെ അളവ് വർധിക്കുന്നതാണ് ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാനുഭൂതികളുടെ അടിസ്ഥാനം. ഇക്കാരണത്താലാണ് ലഹരിവസ്തുക്കൾ വീണ്ടുംവീണ്ടും ഉപയോഗിക്കുന്നതും അതിന് അടിപ്പെടുന്നതും. ആദ്യം കിട്ടിയ അനുഭവം തുടർന്നു കിട്ടാൻ ഒന്നിലേറെ സിഗരറ്റ് പിന്നീട് വലിക്കേണ്ടിവരും. അങ്ങനെയാണ് ആസക്തിയിലേക്കു നീങ്ങുക. ഒരു പരീക്ഷണം എന്ന രീതിയിൽ ആരംഭിക്കുന്ന പലരും പിന്നീട് ആശ്രിതരായി മാറുന്നു.
പുകവലിയിൽനിന്ന് മോചനം
പുകയില ഉപയോഗം ആരോഗ്യത്തെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നതിനാൽ കലണ്ടറിൽ ഒരു തിയതി കുറിച്ച് പുകവലിയിൽനിന്ന് പിന്മാറാൻ ദൃഢമായ തീരുമാനം എടുക്കുക. അതിന് സാധിക്കാതെ വരുന്നവർക്ക് കൗൺസലിംഗ്, മറ്റ് ചികിത്സകൾ, വൈദ്യസഹായം എന്നിവ ഇന്ന് ലഭ്യമാണ്. ആസക്തി കുറയ്ക്കാനുള്ള മരുന്നുകളും ക്രമേണ പുകവലി മാറ്റാനുള്ള മരുന്നുകളും ലഭ്യമാണ്.
വലിക്കുംതോറും നീളം കുറയുന്നത് സിഗറിറ്റിനു മാത്രമല്ല ആയുസിനുകൂടിയാണ് എന്നോർത്ത് പുകവലിയിൽനിന്ന് പിന്മാറാൻ ലോക പുകയിലവിരുദ്ധ ദിനം പ്രചോദനമേകട്ടെ.
(മികച്ച ലഹരിവിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്കാരം നേടിയിട്ടുള്ള ലേഖകൻ, അഭിഭാഷകനും ട്രെയ്നറും മെന്ററുമാണ്.)