നെല്ലിക്കാംപൊയിൽ: മദ്യലഭ്യത കുറയ്ക്കുന്നതും മദ്യവർജനം പ്രോത്സാഹിപ്പിക്കുന്നതുമായ മദ്യനയവും ലഹരിക്കേസുകൾക്കെതിരെ കർശന നടപടിയും വേണമെന്ന് മദ്യ-ലഹരി വിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും തലശേരി അതിരൂപതാതല സമിതിയോഗം ആവശ്യപ്പെട്ടു. നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ നടന്ന യോഗം ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ ഉദ്ഘാടനം ചെയ്തു.
കാലഘട്ടത്തിനും സമൂഹത്തിനും ഏറ്റവും ആവശ്യമുള്ള ശുശൂഷയാണ് മദ്യ-ലഹരി വിരുദ്ധ സമിതിയും മുക്തിശ്രീയും ചെയ്യുന്നതെന്നു ഫാ. മാത്യു മുളയോലിൽ പറഞ്ഞു. മദ്യലഹരി വിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ അനുഗ്രഹ ഭാഷണം നടത്തി.
അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തെള്ളിക്കുന്നേൽ, ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ സിഎംസി, സോയി പുറവക്കാട്ട്, ജോസ് ചിറ്റേട്ട്, സോളി രാമച്ചനാട്ട്, ഷിനോ പാറയ്ക്കൽ, ദേവസ്യ തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ സർക്കാർ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയെയും അധികാരത്തിലേറിയ ഉടൻ തന്നെ മദ്യശാലകളുടെ എണ്ണം കുറച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെയും യോഗം പ്രശംസിച്ചു. ജൂൺ 26 അന്താരാഷട്ര ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിക്കാനും തീരുമാനിച്ചു.
പുതിയ മദ്യവിൽപന ശാലകൾ അനുവദിക്കാതിരിക്കുക, നിലവിലുള്ളവയുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കുക, ലഹരിക്കെതിരെ സ്കൂൾ, കോളജ് പരിസരങ്ങളിൽ അതീവ ജാഗ്രത പുലർത്തുക, ഡിഅഡിഷൻ സെന്ററുകൾക്കുള്ള സർക്കാർ കരുതലും സഹായവും വർധിപ്പിക്കുക, മദ്യശാലകൾക്ക് അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചു നൽകുക, തലശേരി അതിരൂപതയിൽ തുടങ്ങി വിജയകരമായി തുടരുന്ന എഡിഎസ്യു മോഡലിൽ എല്ലാ സ്കൂളുകളിലും ആന്റി ഡ്രഗസ് സ്റ്റുഡന്റ്സ് യൂണിയൻ ആരംഭിക്കുക, മുൻ സർക്കാർ വെട്ടിക്കുറച്ച മദ്യശാല-സ്കൂൾ ദൂരപരിധി പുനസ്ഥാപിക്കുക, മദ്യശാലകളുടെ എണ്ണം കുറച്ച തമിഴ്നാട്ടിലെ ജോസഫ് വിജയ് സർക്കാരിനെ കേരള സർക്കാരും മാതൃകയാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗം മുന്നോട്ടു വച്ചു.