കോൽക്കത്ത: കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ തൃണമൂൽ കോണ്‍ഗ്രസ് (ടിഎംസി) വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ചേർന്ന 20 എംപിമാർ നാലാഴ്ചകൂടി സമയം തേടി.
ലോക്സഭാ സ്പീക്കർ ഓം ബിർള നൽകിയ നോട്ടീസിനു മറുപടി നൽകാൻ, നേരത്തേ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചതിനു പിന്നാലെയാണു ലോക്സഭാ സെക്രട്ടേറിയറ്റിനോടു കൂടുതൽ സമയം ആവശ്യപ്പെട്ടത്.
മറുപടി നൽകുന്നതിനാവശ്യമായ രേഖകൾ മുഴുവൻ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ നാലാഴ്ചകൂടി അനുവദിക്കണമെന്നുമാണ് എംപിമാർ ആവശ്യപ്പെട്ടതെന്ന് എൻസിപിഐ പാർലമെന്ററി ചെയർപേഴ്സണ്‍ കാകോലി ഘോഷ് ദസ്തിദാർ പറഞ്ഞു.
ഓഗസ്റ്റ് 26നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് എംപിമാരോടു വിശദീകരണം തേടി കത്തയച്ചത്. തുടർന്ന് മൂന്ന് ആഴ്ച സമയം അനുവദിച്ചിരുന്നു. 20 എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സ്പീക്കർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
ഇതിനിടെ, 20 പേരിൽ 17 എംപിമാർ ദുർഗാപൂജയ്ക്ക് മുന്‍പോ ശേഷമോ ബിജെപിയിൽ ചേരുമെന്ന വിമത എംപി ജഗദീഷ് ചന്ദ്ര ബർമ ബസുനിയയുടെ അവകാശവാദവും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
ജൂണിലാണ് ടിഎംസിയുടെ 27 ലോക്സഭാ എംപിമാരിൽ 20 പേർ പാർട്ടി വിട്ട് എൻസിപിഐയിൽ ചേർന്ന് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ ലോക്സഭാ രേഖകളിൽ ഇവർ ഇപ്പോഴും ടിഎംസി അംഗങ്ങളാണ്.