കൊച്ചി: അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ കവര്‍ച്ചാക്കേസ് പ്രതി നെടുമ്പാശേരി മേയ്ക്കാട് സ്വദേശി എം.ജെ. ജോബി പിടിയില്‍. ജാമ്യ വ്യവസ്ഥ പ്രകാരം ആലുവ പൊലിസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണ് ജോബി അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ സംഭവത്തില്‍ കേസ് എടുത്ത വിവരം ജോബി അറിഞ്ഞിരുന്നില്ല.
ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ മൂന്നാം പ്രതിയാണ് എം.ജെ. ജോബി. കവര്‍ച്ച സംഘത്തില്‍പെട്ട എല്ലാവരെയും നിയമത്തിന് മുന്നിലേക്ക് കൊണ്ടു വരുമെന്ന് എംഎല്‍എ പ്രതികരണം നടത്തിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്.
സെപ്റ്റംബര്‍ 13ന് കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് ഒക്ടോബര്‍ 17ന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി മുഴക്കിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.