ചമ്പക്കുളം: സീറോമലബാർ സിറിയൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽ ഉന്നതപഠനത്തിനും മത്സരപരീക്ഷകൾക്കും അപേക്ഷിക്കാൻ തടസം നേരിടുന്നതായി പരാതി. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റുകളിൽ സീറോമലബാർ സിറിയൻ കാത്തലിക് എന്ന് മാത്രം ചേർത്തിരിക്കുന്നത് ഈ വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാനും തടസമാകുന്നു.
സീറോമലബാർ സമുദായ അംഗങ്ങളായിട്ടുള്ള സുറിയാനി കത്തോലിക്കരുടെ സമുദായപ്പേര് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് 2023 ജൂലൈ എട്ടിനാണ് സർക്കാർ ഉത്തരവിറക്കിയത്.
ഈ ഉത്തരവ് ഇറങ്ങിയതിനുശേഷം വിദ്യാലയങ്ങളിൽ ചേർന്ന കുട്ടികളുടെ പേരിനൊപ്പം ജാതി/ സമുദായം ഇപ്രകാരം ചേർത്തുവരുന്നുണ്ട്.ഇതിന് മുൻപ് ഈ സമുദായത്തിൽപെട്ട കുട്ടികളുടെയും മുതിർന്നവരുടെയും സ്കൂൾ രേഖകളിലെല്ലാം റോമൻ കാത്തലിക് (ആർസി), റോമൻ കാത്തലിക് സിറിയൻ ക്രിസ്ത്യൻ (ആർസി എസ്സി) എന്നിങ്ങനെ വ്യത്യസ്തമായിട്ടാണ് ചേർത്തിരുന്നത്.
ഇതാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികളുടെ പ്രവേശനത്തിനും അപേക്ഷ സമർപ്പണത്തിനും തടസമായിരിക്കുന്നത്.സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമുദായത്തിന്റെ പേരുമാറ്റം വന്നതോടെ ബന്ധപ്പെട്ട റവന്യു അധികാരികൾ ഈ വിഭാഗത്തിലെ അപേക്ഷകർക്ക് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് സാക്ഷ്യപത്രം നല്കാൻ തയാറാകുന്നില്ല.
സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് രേഖപ്പെടുത്തിയ സ്കൂൾ രേഖകളാണ് സാക്ഷ്യപത്രം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ അപേക്ഷകരോട് ആവശ്യപ്പെടുന്നത്. ഇത് മൂലം ഇഡബ്ല്യുഎസ് സംവരണവും നഷ്ടപ്പെടുന്ന സാഹചര്യമാണ്.