ശ്രീനഗർ: ഭരണകൂടത്തിന്റെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മറികടന്ന് ലേ അപെക്സ് ബോഡി(എൽഎബി)യുടെ നേതൃത്വത്തിൽ ലഡാക്കിൽ നടക്കുന്ന അനിശ്ചിതകാല ധർണ രണ്ടാം ദിവസത്തിലേക്കു കടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എൽഎബി നേതാവുമായ സോനം വാംഗ്ചുക്കിനെ രണ്ടു മാസത്തേക്ക് വീട്ടുതടങ്കലിലാക്കിയതോടെ പ്രദേശത്തു പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം സമരവേദിയിൽനിന്നു പൊലിസ് കസ്റ്റഡിയിലെടുത്ത വാംഗ്ചുക്കിനെ പിന്നീട് വസതിയിലേക്ക് മാറ്റുകയും വീട്ടുതടങ്കലിലാക്കുകയുമായിരുന്നു.
ലേ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് 60 ദിവസത്തേക്ക് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.
തന്റെ സ്ഥാപനത്തിനുചുറ്റും രണ്ട് ഡസനോളം പൊലിസ്-അർധസൈനിക വാഹനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും സോനം വാംഗ്ചുക്ക് ‘എക്സി’ൽ പങ്കുവച്ച വീഡിയോസന്ദേശത്തിൽ ആരോപിച്ചു.
ലേയിലെ എൻഡിഎസ് മെമ്മോറിയൽ പാർക്കിൽ കൊടുംതണുപ്പിനെ അവഗണിച്ച് എൽഎബി സഹാധ്യക്ഷൻ ചെറിംഗ് ഡോർജെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.
രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ധർണയെങ്കിലും നേതാക്കളുൾപ്പെടെ 20-30 പേർ രാത്രിയിലും സമരപ്പന്തലിൽ തുടരുന്നുണ്ട്.
കേന്ദ്രസർക്കാരുമായി മുടങ്ങിക്കിടക്കുന്ന ചർച്ചകൾ പുനരാരംഭിക്കുക, ഡിസംബർ നാലിന് നിശ്ചയിച്ചിട്ടുള്ള ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുക, പുതിയ മദ്യനയം പിൻവലിക്കുക, 2025 സെപ്റ്റംബർ 24ന് ലേയിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.