കൊച്ചി: അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിലെ കണ്ടെയ്നറിനുള്ളിൽ അപകടകരമായ വസ്തുക്കളുണ്ടാക്കാവുന്ന ഭീഷണി സാധ്യത പഠിക്കാനുള്ള മള്ട്ടീബീം സര്‍വേയ്ക്ക് ഏജന്‍സിയെ നിയോഗിക്കാന്‍ കപ്പല്‍ കമ്പനിക്കു നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍.
സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നടത്താനുള്ള നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
കപ്പല്‍ അപകടത്തെത്തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കം നല്കിയ ഹര്‍ജികളിലാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
സര്‍വേ നടത്താനായി രണ്ട് ഏജന്‍സികളുമായി ചര്‍ച്ച നടത്തിയെന്നും ഇവരുടെ സാങ്കേതിക വൈദഗ്ധ്യം ബോധ്യപ്പെട്ടുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍വേക്കായി ഈ ഏജന്സികളിലൊന്നിനെ നിയോഗിക്കാന്‍ കപ്പല്‍ കമ്പനിക്ക് നിര്‍ദേശം നല്‍കണം. സര്‍ക്കാര്‍ അധികൃതരുടെയും ശാസ്ത്രീയ, സാങ്കേതിക സ്ഥാപനങ്ങളുടെയും മേല്‍നോട്ടം ഏര്‍പ്പെടുത്തണം.
മുമ്പ് കപ്പല്‍ കമ്പനി നടത്തിയ സര്‍വേ റിപ്പോര്‍ട്ടുമായി താരതമ്യപ്പെടുത്തി പുതിയ സര്‍വേ വിശകലനം ചെയ്യാന്‍ വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ശാസ്ത്ര, സാങ്കേതിക സമിതികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിക്കു നിര്‍ദേശം നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
ഹർജി പരിഗണിക്കവേ 2025ലെ മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍, തകര്‍ന്നുകിടക്കുന്ന കപ്പല്‍ അപകടസാധ്യതയുള്ളതാണോയെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നു ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
സര്‍വേ നടപടികള്‍ ആരംഭിക്കുന്നതിനോ അനുമതി നല്‍കുന്നതിനോ മുമ്പ് ഈ മാനദണ്ഡ പ്രകാരമുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നും വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റീസ് രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി ഒക്ടോബര്‍ ആറിനു പരിഗണിക്കാനായി മാറ്റി.