Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യപരിശീലകനായി ആഷ്ലി വെസ്റ്റ്വുഡിനെ നിയമിച്ചു. നടപ്പുസീസണിന്റെ അവസാനം വരെയാണ് കരാർ. ഇന്ത്യൻ ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള പരിശീലകനാണ് ആഷ്ലി വെസ്റ്റ്വുഡ്.
ബംഗളൂരു എഫ്സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിച്ച അദ്ദേഹം, മുൻപ് എടികെ, പഞ്ചാബ് എഫ്സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
ഹോങ്കോങ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് അദ്ദേഹം ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾക്കായി അദ്ദേഹം ഉടനടി ടീമിന്റെ ചുമതലയേൽക്കും.
ആഷ്ലിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും ടീമിന് വലിയ ഗുണം ചെയ്യും. സീസണിലെ ബാക്കി മത്സരങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രകടനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നുവെന്ന് പുതിയ പരിശീലകനെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സിഇഓ അഭിക് ചാറ്റർജി പറഞ്ഞു.
വലിയ ആരാധക പിന്തുണയും പ്രതീക്ഷകളുമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞാൻ പൂർണ്ണ ബോധവാനാണ്. വരും ദിവസങ്ങളിൽ ടീമിനെയും സ്റ്റാഫിനെയും അടുത്തറിയുന്നതിനും കളിക്കാർക്കൊപ്പം പ്രവർത്തനം ആരംഭിക്കുന്നതിനുമാണ് താൻ മുൻഗണന നൽകുന്നതെന്ന് ചുമതലയേറ്റ ശേഷം ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞു.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗൺമാനും പരിക്കേറ്റ സംഭവത്തെക്കുറിച്ച് റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
എന്നാൽ, മന്ത്രിക്കടക്കം പരിക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്ന കാര്യം ഇന്നലെ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ച തായി അറിയുന്നു.
സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു. മന്ത്രിക്കു പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലുംകൊണ്ട് ഉണ്ടായതാണോ എന്നതാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മന്ത്രിയും ഗൺമാനുമുണ്ടായ മുറിവുകളുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു.
നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചുവരികയാണ്. ഇവിടെ 55 സിസിടിവി കാമറകളാണുള്ളത്. ഇതിൽ എത്ര കാമറകൾ പ്രവർത്തനസജ്ജമാണോ എന്നത് എല്ലാം പരിശോധിച്ച ശേഷം വ്യക്തമാകും. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ മന്ത്രിയെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണു സൂചന.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ നല്കണമെന്നു കാണിച്ച് റെയിൽവേ പോലീസ് ആർപിഎഫിനെ സമീപിച്ചിട്ടുണ്ട്. സീൽ ചെയ്തു വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പോലീസ് കോടതിക്കാണ് കൈമാറുക. ആരോഗ്യമന്ത്രിക്ക് എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ലെന്നാണു റിപ്പോർട്ട്. എങ്കിലും കഴുത്തിലും ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്.
കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ ബുധനാഴ്ച രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരലും ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമവും വിഭാഗീയ പ്രവർത്തനങ്ങളും അടക്കം കെപിസിസിക്ക് ലഭിച്ച പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിനു പരാതികളാണ് കെപിസിസിക്കു ലഭിച്ചത്.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുൻമന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം സി.പി. മുഹമ്മദ്, മുൻ എംഎൽഎ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രൂപം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ദോഷകരമായ വിഭാഗീയ പ്രവർത്തനങ്ങളടക്കം നടത്തിയവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.
Sports
ന്യൂഡൽഹി: 2026ലെ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായി ഇന്ത്യൻ താരം ജെമീമ റോഡ്രിഗസിനെ ക്യാപ്റ്റനായി നിയമിച്ച് ഡൽഹി ക്യാപിറ്റൽസ്. ടീം വിട്ട ഓസ്ട്രേലിയൻ താരം മെഗ് ലാനിംഗിന് പകരമായാണ് ജെമീമ ക്യാപ്റ്റനാകുന്നത്.
ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ആകുന്നത് വലിയ കാര്യമാണെന്നും തനിക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും ജെമീമ പറഞ്ഞു. ടീം മാനേജ്മെന്റിനും സപ്പോർട്ടിംഗ് സ്റ്റാഫിനും ജെമീമ നന്ദി പറഞ്ഞു.
വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്നു ജെമീമ. സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിൽ ജെമീമയുടെ ഇന്നിംഗ്സാണ് നിർണായകമായത്.127 റൺസാണ് ജെമീമ സെമിയിൽ എടുത്തത്.
"തനിക്കും കുടുംബത്തിനും ഈ വർഷം പ്രിയപ്പെട്ടതാണ്. ലോകകപ്പ് നേടി. ഇപ്പോൾ ഡൽഹി ക്യാപിറ്റൽസും പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏൽപ്പിച്ചു.'-ജെമീമ കൂട്ടിച്ചേർത്തു.
District News
ബളാംതോട്: പനത്തടി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബളാംതോട് ക്ഷീരസംഘം ഡയറക്ടർ കെ.സി. മോഹൻദാസിനെ ക്ഷീരസംഘം പ്രവർത്തകർ അനുമോദിച്ചു.
മിൽമ ജില്ലാ ഓഫീസ് മേധാവി വി. ഷാജി ഉപഹാരം കൈമാറി. സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കന്നുകാലിരോഗങ്ങളും പ്രതിരോധ കുത്തിവയ്പ്പുകളും എന്ന വിഷയത്തിൽ വെറ്ററിനറി സർജൻ ഡോ. അരുൺ എസ്. അജിത്ത്, ഭക്ഷ്യസുരക്ഷ ക്ഷീരമേഖലയിൽ എന്ന വിഷയത്തിൽ മിൽമ ജില്ലാ മേധാവി വി. ഷാജി, മലബാർ മേഖലാ യൂണിയന്റെ വിവിധ പദ്ധതികളെ കുറിച്ച് മിൽമ സീനിയർ സൂപ്പർവൈസർ മേഘ മുരളീധരൻ എന്നിവർ ക്ലാസെടുത്തു.
National
ന്യൂഡൽഹി: മലയാളിയായ പി.ആർ. രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിംഗ് അദ്ദേഹം,
ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്. തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് രമേശ്.
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.
National
ന്യൂഡൽഹി: സെൻസസ് നടപടികൾക്കുവേണ്ടിയുള്ള വിവരശേഖരണ പ്രക്രിയയ്ക്കായി അടുത്ത വർഷം ജനുവരി 15നകം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നിർദേശം നൽകി.
ജനസംഖ്യാ കണക്കെടുപ്പിന് എന്യുമറേറ്റർമാരെയും, മേൽനോട്ടത്തിനായി സൂപ്പർവൈസർമാരെയും നിയമിക്കണമെന്നാണ് ആർജിഐയുടെ സർക്കുലറിൽ പറയുന്നത്. 700 മുതൽ 800 വരെ ജനസംഖ്യക്കായി ഒരു എന്യുമറേറ്ററെയും ആറ് എന്യുമറേറ്റർമാരുടെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ഒരു സൂപ്പർവൈസറെയും നിയമിക്കാനാണു നിർദേശം. അടിയന്തര സാഹചര്യങ്ങൾക്കായി പത്തു ശതമാനം അധിക എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1990ലെ സെൻസസ് നിയമങ്ങളുടെ റൂൾ 3 അനുസരിച്ച് അധ്യാപകരെയും ക്ലർക്കുമാരെയും ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥനെയും എന്യൂമറേറ്ററായി നിയമിക്കാമെന്ന് ആർജിഐ വ്യക്തമാക്കി.
എന്യുമറേറ്ററേക്കാൾ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും സൂപ്പർവൈസർ. വരുന്ന സെൻസസ് നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കുന്നതിന് 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് ഫീൽഡുകളിൽ വിന്യസിക്കുക.
രണ്ടു ഘട്ടമായി നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടം അടുത്ത വർഷം ഏപ്രിൽ മുതലും രണ്ടാംഘട്ടം 2027 ഫെബ്രുവരിയിലുമാണ് ആരംഭിക്കുക.
15 വർഷത്തിനുശേഷം രാജ്യത്തു നടക്കുന്ന സെൻസസ് നടപടികളുടെ ചോദ്യാവലി തയാറാക്കുന്നതിന്റെ അവസാനഘട്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു.