കരുമാലൂർ : കരുമാലൂർ പഞ്ചായത്തിൽ പെരിയാർവാലി കനാൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് പൊളിഞ്ഞ നിലയിൽ. അപകടഭീഷണിയിൽ യാത്രക്കാർ. കരുമാലൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് പരിധിയിൽ വരുന്ന സെറ്റിൽമെന്റ് ഹരിതനഗർ പെരിയാർവാലി കനാൽ പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന ഭാഗത്താണു കോൺക്രീറ്റ് സ്ലാബുകൾ മുകളിലേക്ക് പൊളിഞ്ഞു വന്നിരിക്കുന്നത്. പൊളിഞ്ഞ ഭാഗത്തിന്റെ താഴത്തെ ഭാഗത്തു നിന്നെല്ലാം വൻതോതിൽ മണ്ണൊലിച്ചു പോയതോടെ അപകടഭീഷണി ഇരട്ടിയാണ്.
കൂടാതെ മുപ്പത്തടം നിന്നുള്ള കുടിവെള്ള കുഴലും പൊളിഞ്ഞ റോഡിന്റെ അടിഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്. നിലവിൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്ലാബുകൾക്ക് ഇളക്കം സംഭവിക്കുന്നുണ്ട്. ഇതോടെ വാഹനങ്ങളിൽ പോകുന്നവരും ഭയന്നാണ് ഇതുവഴി കടന്നുപോകുന്നത്. രണ്ടു മാസം മുൻപാണ് അപ്രോച്ച് റോഡിന്റെ സ്ലാബുകൾ പൊളിഞ്ഞു മുകളിലേക്കു വരാൻ തുടങ്ങിയത്.
സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ കരുമാലൂർ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘം റോഡ് തകർന്ന ഭാഗത്ത് പരിശോധന നടത്തി. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.