ന്യൂഡൽഹി: ഏപ്രിലിൽ ഇന്ത്യയിലെ എൽപിജി ഉപഭോഗത്തിൽ 16 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ വിതരണ തടസങ്ങൾ ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക ലഭ്യതയെ ബാധിച്ചതാണ് കാരണമെന്ന് ഒൗദ്യോഗിക കണക്കുകൾ പറയുന്നു.
ഏപ്രിലിൽ 2.2 മില്യണ്‍ ടണ്ണിന്റെ എൽപിജി ഉപഭോഗമാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 2.62 മില്യണ്‍ ടണ്ണിനേക്കാൾ 16.16 ശതമാനത്തിന്റെ കുറവാണ്. 2024 ഏപ്രിലിലെ 2.45 മില്യണ്‍ ടണ്ണിനേക്കാൾ 10.5 ശതമാനം കുറവാണ്.
പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുകൾ പ്രകാരം മുൻ മാസം മാർച്ചിലെ 2.379 മില്യണ്‍ ടണ്‍ ഉപഭോഗത്തേക്കാൾ കുറഞ്ഞ മാസവും ഇതായിരുന്നു.
രാജ്യം എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എന്നാൽ, ഇറാനെതിരേ യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണത്തെയും അതിന് ടെഹ്റാൻ നല്കിയ മറുപടിയെയും തുടർന്ന് കടലിടുക്ക് നിലവിൽ അടഞ്ഞുകിടക്കുകയാണ്.
സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള വിതരണം തടസപ്പെട്ടതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക ലഭ്യത ഉറപ്പുവരുത്തന്നതിനായി ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾക്കുള്ള എൽപിജി വിതരണം സർക്കാർ വെട്ടിക്കുറച്ചു.
കൂടാതെ, രണ്ടു സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് ഗാർഹിക ഉപഭോക്താക്കൾക്കുള്ള വിതരണത്തിലും നിയന്ത്രണമേർപ്പെടുത്തി.
പിപിഎസിയുടെ കണക്കുകൾ പ്രകാരം, മാർച്ചിലുണ്ടായ 12.8 ശതമാനം വാർഷിക ഇടിവിനേക്കാൾ കൂടുതലായിരുന്നു ഏപ്രിലിലെ എൽപിജി ഉപഭോഗത്തിലുണ്ടായ ഇടിവ്.
വിറകിനും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മറ്റ് ഇന്ധനങ്ങൾക്കും പകരം പരിസ്ഥിതി സൗഹൃദമായ ഇന്ധനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമായി കഴിഞ്ഞ കുറെ വർഷങ്ങളായി എൽപിജി ഉപഭോഗം രാജ്യത്ത് ഉയർന്നിരുന്നു.
യുദ്ധത്തെത്തുടർന്ന പല ഗൾഫ് രാജ്യങ്ങളും വ്യോമപാതകൾ അടച്ചതിനെയും വിമാന സർവീസുകൾ നിർത്തിവച്ചതിനെയും തുടർന്ന് ജെറ്റ് ഫ്യുവലിന്റെ ഉപഭോഗം മുൻ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 1.37 ശതമാനം കുറഞ്ഞ് 7,61,000 ടണ്ണായി. മാർച്ചിലെ 8,07,000 ടണ്ണിനെക്കാൾ കുറവാണ്.
യുദ്ധം ബാധിച്ച് മറ്റ് രണ്ട് ഇന്ധനങ്ങൾ പോലെ ഡീസൽ, പെട്രോൾ വില്പനയിലും കുറവുണ്ടായി.