പ്രിയപ്പെട്ട മക്കളേ,
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിങ്ങൾ അയച്ച കത്തുകളിൽ പലതും ഞാൻ കണ്ടു; മനസിലുറയ്ക്കുന്ന ആ വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണ്.
ലഹരി മാഫിയയുടെ വേരറുക്കാൻ നാടൊന്നാകെ പൊരുതുന്ന ഈ ഘട്ടത്തിൽ, ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിനു കീഴിലെ സ്കൂളുകളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ ഒന്നിച്ച് കത്തെഴുതി മുന്നോട്ടുവന്നത് ലഹരിക്കെതിരേ നമ്മുടെ ചെറുത്തുനിൽപ്പിന്റെ വലിയൊരു മാതൃകയാണ്.
ഡിജിറ്റൽ യുഗത്തിലും നീലനിറമുള്ള ആ ഇൻലൻഡുകളിൽ നിങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓരോ അക്ഷരത്തിനും മായാത്തൊരു ഓട്ടോഗ്രാഫിന്റെ ജീവനും ആത്മാർഥതയുമുണ്ട്. ആ താളുകളിൽ നിങ്ങൾ പകർന്നുനൽകിയ പിന്തുണ ഈ പോരാട്ടത്തിന് കിട്ടിയ ഏറ്റവും വിലപ്പെട്ട അംഗീകാരമായി കേരള പോലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു.
യുവത്വത്തിന്റെ തെളിമയാർന്ന ചിന്തകളിലേക്കും സ്വപ്നങ്ങളിലേക്കും ലഹരിയുടെ വിഷപ്പുക ഒരിക്കലും പടരരുത്. ലഹരിക്കെതിരായ നിങ്ങളുടെ ഈ ഉറച്ച നിലപാട് കാമ്പസുകൾക്കും നാടിനാകെയും വഴിവിളക്കാകട്ടെ. സ്വന്തം ജീവിതംകൊണ്ടും തീരുമാനങ്ങൾ കൊണ്ടും സമൂഹത്തിന് മുന്നറിയിപ്പും വെളിച്ചവുമാകാൻ നിങ്ങൾക്ക് സാധിക്കട്ടെ.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെയും ചങ്ങനാശേരി അതിരൂപതാ മാനേജ്മെന്റിനെയും ഞാൻ ഹൃദയപൂർവം അഭിനന്ദിച്ചതായി അറിയിക്കുക. പ്രതിരോധത്തിന്റെ വഴിയിൽ കേരളത്തിന് മുഴുവൻ വലിയൊരു മാതൃകയാണ് നിങ്ങൾ കാണിച്ചുതന്നത്!
സ്നേഹാദരങ്ങളോടെ
നിങ്ങളുടെ സ്വന്തം
രമേശ് ചെന്നിത്തല