തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ ജിഎസ്ടി അന്വേഷണം വീണ്ടും സജീവമാകുന്നു. നികുതി വെട്ടിപ്പ് ആരോപണത്തിൽ ജിഎസ്ടി കൊല്ലം ഇന്റലിജൻസ് യൂണിറ്റാണ് അന്വേഷണം പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് സമൻസ് അയച്ചു.
കമ്പനിയുടെ ഡയറക്ടർമാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഗോകുലം ചിറ്റ് ഫണ്ട്സ്, ഹിന്ദുജ ഫിനാൻസ് എന്നിവർക്കും അന്വേഷണത്തിന്റെ ഭാഗമായി ജിഎസ്ടി വകുപ്പ് സമൻസ് അയച്ചിട്ടുണ്ട്. മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നികുതി ബാധ്യതകൾ പാലിച്ചിട്ടുണ്ടോയെന്നാണ് വകുപ്പ് പരിശോധിക്കുന്നത്. അതേസമയം നികുതി ഈടാക്കുന്നതിനുള്ള നടപടികൾ വൈകിപ്പിച്ചതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പ്രത്യേക അന്വേഷണസംഘം നേരത്തെ ശിപാർശ ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. കോഴിക്കോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ന്യായീകരിക്കാനാകാത്ത വീഴ്ച വരുത്തിയെന്നും ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ ശിപാർശ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അനുകൂലമായി എട്ട് മാസത്തോളം നടപടികൾ നിർത്തിവെക്കാൻ തിരുവനന്തപുരം ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ നിർദേശം നൽകിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണസംഘം ശിപാർശ ചെയ്തിരുന്നു.