കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിക്കു പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ്. പി. കൃഷ്ണപിള്ളയെയും എ.കെ.ജിയെയും രാഷ്ട്രീയ എതിരാളികൾ തടയുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. അവരെ മർദിച്ചവരെ കണ്ടെത്താനായില്ലെന്ന കാരണത്താൽ അവരുടെ കുടുംബത്തിൽപ്പെട്ട മറ്റൊരാളെ മണിക്കൂറുകൾക്കുള്ളിൽ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയിട്ടില്ലെന്ന് മനു തോമസ് പറഞ്ഞു.
മനുഷ്യനെ കൊന്നതിനെ ന്യായീകരിക്കുന്നത് മാർക്സിസമോ മാനുഷികമായ ഇടതുപക്ഷ നയമോ അല്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് അംഗീകരിച്ച് തിരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നിങ്ങൾ തിരുത്തണം, അല്ലെങ്കിൽ ജനം തിരുത്തും എന്നും മനു തോമസ് കുറിച്ചു. സ്വാർഥലാഭത്തിനായി കൂടപ്പിറപ്പിനെപ്പോലും കൊല്ലാൻ നിർദേശിക്കാൻ മടിക്കാത്തയാളാണ് ഇപ്പോൾ ന്യായം പറയുന്നതെന്ന വിമർശനവും കുറിപ്പിലുണ്ട്.
ട്രോട്സ്കിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്ന് ന്യായം കണ്ടെത്തിയതിനു സമാനമാണ് ഈ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. കഷ്ടം എന്ന പരാമർശത്തോടെയാണ് മനു തോമസ് വിമർശനം അവസാനിപ്പിച്ചത്.