അൽ അമിറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 209 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 46.3 ഓവറിൽ 208 റൺസിന് ഓൾഔട്ടായി. തകർപ്പൻ സെഞ്ചുറിയുമായി അർജുൻ രാജ്പുത് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
അഞ്ചാമനായി ക്രീസിലെത്തിയ അർജുൻ 85 പന്തിൽ 107 റൺസെടുത്തു. തുടക്കം മുതൽ പേസ് ആക്രമണത്തിലൂടെ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കാൻ പാക്കിസ്ഥാനു സാധിച്ചു. ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ഓപ്പണർമാരായ ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും തുടക്കത്തിൽ തന്നെ പുറത്തായത് തിരിച്ചടിയായി.
മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ 22 റൺസെടുത്തപ്പോൾ രാഹുൽ ദ്രാവിഡിന്റെ മകനായ അൻവയ് ദ്രാവിഡിന് 10 റൺസ് മാത്രമാണ് നേടാനായത്. പാക്കിസ്ഥാനായി അലി റാസ, റിസ്വാനുള്ള, നിഖാബ് ഷഫീഖ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.