തിരുവമ്പാടി : മൂന്ന് ദിവസങ്ങളിലായി തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദി മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം.
പതിനഞ്ചോളം വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ആറായിരത്തോളം വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്. തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, യുപി. സ്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ എന്നിവിടങ്ങളിലായാണ് പ്രധാന വേദികൾ ഒരുക്കിയിരിക്കുന്നത്.
കലോല്‍സവത്തിന്റെ ആദ്യദിനത്തിൽ നാടോടിനൃത്തം, സംഘനൃത്തം, വട്ടപ്പാട്ട്, ഒപ്പന, മാർഗംകളി, ചവിട്ടുനാടകം, ഭരതനാട്യം, മാപ്പിളപ്പാട്ട് തുടങ്ങി വിവിധ കലാമത്സരങ്ങൾ അരങ്ങേറി.
വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ കാണാൻ അധ്യാപകരും രക്ഷിതാക്കളുമടക്കം നിരവധി പേർ എത്തിയതോടെ വേദികൾ സജീവമായി.സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുള്‍ അക്ബർ, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, പ്രീതി രാജീവ് എന്നിവർ പ്രസംഗിച്ചു.