നിലമ്പൂർ: നിലമ്പൂർ ബൈപ്പാസിനായി സ്ഥലം വിട്ടു കൊടുത്ത ഭൂവുടമകൾക്ക് നഷ്ടപരിഹാരമായി 55 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം മഞ്ചേരി എക്സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ ജില്ലാ ട്രഷറി അക്കൗണ്ടിൽ തുക എത്തിയിട്ടുണ്ട്. ഭൂവുടമകൾക്ക് നഷ്ടപരിഹാര വിതരണം പൂർത്തീകരിച്ച് ബൈപ്പാസ് വേഗത്തിൽ പൂർത്തീകരിക്കണമെന്ന് നിയമസഭയിൽ സബ് മിഷനിലൂടെ ഉന്നയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ എംഎൽഎയായ ശേഷം ഈ ആവശ്യത്തിനായി വിശ്രമമില്ലാതെയാണ് പ്രവർത്തിച്ചത്.
മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, റവന്യൂ മന്ത്രി, പൊതുമരാമത്ത് മന്ത്രി, ധനകാര്യ സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി എന്നിവരെ നേരിൽ കണ്ട് നിലന്പൂർ ബൈപ്പാസ് വേഗമാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും സാങ്കേതിക തടസങ്ങൾ നീക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗവും ചേർന്നിരുന്നു.
അന്തർസംസ്ഥാന പാതയായ കോഴിക്കോട്- നിലമ്പൂർ-ഗൂഡല്ലൂർ (കഐൻജി) പാതയിൽ നിലന്പൂരിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ നിലന്പൂർ ബാപ്പാസിന് 2015ൽ യുഡിഎഫ് സർക്കാർ ഭരണാനുമതി നൽകി നിർമാണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ഒന്പത് വർഷമായി പാതി വഴി ഉപേക്ഷിച്ച നിലയിലായിരുന്നു.
കഴിഞ്ഞ മേയ് മാസത്തിൽ 227.18 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച ആദ്യഘട്ടത്തിന് സാങ്കേതിക അനുമതിയുമായി. എന്നാൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാനായില്ല. ഭരണാനുമതിയിൽ ബൈപ്പാസിനുള്ള മുഴുവൻ സ്ഥലവും ഏറ്റെടുത്ത ശേഷമേ നിർമാണ പ്രവൃത്തി ആരംഭിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥയാണ് തടസമായിരുന്നത്. കഐൻജി റോഡിലെ ഗതാഗതക്കുരുക്കൊഴിവാക്കാനായി ഒസികെ പടി മുതൽ വെളിയംതോട് വരെ ആറ് കിലോ മീറ്റർ ദൈർഘ്യത്തിലാണ് നിലന്പൂർ ബൈപ്പാസ്.
സർക്കാരിനെ അഭിനന്ദിച്ച് ചെയർമാൻ
നിലമ്പൂർ:നിലമ്പൂർ ബൈപ്പാസിന് സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ 55 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയെ അഭിന്ദിച്ച് നിലന്പൂർ നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം.
തുക ഭൂവുടമകൾക്ക് ഉടൻ കൈമാറുമെന്നും ചെയർമാൻ പറഞ്ഞു. ബൈപ്പാസിന് സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകൾക്ക് ധനകാര്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നൽകിയ വാക്ക് പാലിച്ചെന്നും തുക കൈമാറാനുള്ള നടപടികളായെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ നഗരസഭയിലെ വിവിധ പദ്ധതികൾക്ക് വേണ്ടി ഡിപിസി അംഗീകാരത്തിന് സമർപ്പിച്ച അപേക്ഷക്കെതിരെ നഗരസഭയിലെ പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകുകയും എംഎൽഎയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ പരാതി നൽകുകയും ചെയ്ത് വികസനം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ആരോപിച്ചു.
നിലന്പൂരിന്റെ വികസനം മുടക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ പരാതി കാരണം കാലതാമസം നേരിട്ടെങ്കിലും നഗരസഭയിലെ പദ്ധതികൾക്ക് ഡിപിസി അംഗീകാരം നൽകിയെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും നഗരസഭാ അധ്യക്ഷൻ പറഞ്ഞു.