ന്യൂഡൽഹി: ലഖിംപുർ ഖേരി അക്രമക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
കേസിൽ ജാമ്യം അനുവദിച്ചെങ്കിലും യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വ്യവസ്ഥകളുള്ളതിനാൽ മകളുടെ ജന്മദിനാഘോഷം അടക്കമുള്ള കുടുംബചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശിഷ് മിശ്ര കോടതിയെ സമീപിച്ചത്.
എന്നാൽ, ജാമ്യവ്യവസ്ഥകളിൽ ഇളവ് നല്കാൻ തക്കതായ കാരണം നിലവിൽ ഇല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
കേസിന്റെ വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിർണായക സാക്ഷികളെ കൂട്ടത്തോടെ ഒഴിവാക്കുകയാണെന്ന് പരാതിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇന്നലെ കോടതിയെ അറിയിച്ചു. ഇത്തരം പരാതികൾ ആദ്യം വിചാരണക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.