കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിനെതിരേ മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്കി.
വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നും അപ്പീല്‍ തീര്‍പ്പാകുംവരെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണു ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ വരുമാനം കണക്കാക്കിയതില്‍ വലിയ പിഴവുകള്‍ വരുത്തിയെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഹര്ജിക്കാരന് 2003-2007 കാലയളവില്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. വരുമാനസ്രോതസുകള്‍ പലതും അന്വേഷണസംഘം പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി അതു റദ്ദാക്കിയിരുന്നു. തുടരന്വേഷണത്തില്‍ ശേഖരിച്ച രേഖകള്‍ പരിഗണിക്കാമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം രേഖകള്‍ പരിഗണനയ്ക്കെടുത്തില്ല. അന്വേഷണ ഉദ്യോഗസ്ഥന് സ്വത്ത് കണക്കാക്കാന്‍ സ്വീകരിച്ച രീതി തെറ്റാണെന്നും കുറ്റപത്രത്തില്‍ ഇതു വ്യക്തമാക്കുന്നില്ലെന്നും അപ്പീലില്‍ പറയുന്നു.
ചങ്ങനാശേരിയിലെ 55 സെന്റ് ഭൂമി 50 ലക്ഷം രൂപയ്ക്കു വിറ്റത് വരുമാനമായി കണക്കാക്കാതെ, അതില്‍ മൂന്നിലൊന്നു ഭാഗം മാത്രമാണ് കോടതി പരിഗണിച്ചത്.
വസ്തു വിറ്റ തുക ബാങ്ക് അക്കൗണ്ടില്‍ എത്തിയതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടും കോടതി അത് അവഗണിച്ചു. വാടകയിനത്തില്‍ ലഭിച്ച യഥാര്‍ഥ വരുമാനം കണക്കിലെടുത്തില്ലെന്നും അധിക ശിക്ഷയാണു നല്‍കിയതെന്നും അപ്പീൽ ഹര്‍ജിയില്‍ പറയുന്നു.