കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പൊലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച പതിനെട്ടുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. എറിയാട് സ്വദേശിക്കെതിരേ നൽകിയതു കള്ളപ്പരാതിയല്ലെന്നും തെളിവുകൾ പക്കലുണ്ടെന്നും വ്യക്തമാക്കി പെണ്കുട്ടിയുടെ കുടുംബം രംഗത്ത്.
പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി 20 പവനും 50,000 രൂപയും കവർന്നെന്നായിരുന്നു ആരോപണം. പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണം ആവർത്തിച്ച കുടുംബം, യുവാവിന്റേതെന്നു പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു.
മകൻ അസ്ലമിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും പൊലിസ് കസ്റ്റഡിയിൽ മർദിച്ചതിനെ തുടർന്നാണു ജീവനൊടുക്കിയതെന്നും ആരോപിച്ചു പിതാവ് നൗഷാദ് സോഷ്യൽ മീഡിയിൽ ഇട്ട കുറിപ്പ് ചർച്ചയായിരുന്നു.
പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ അസ്ലം, സഹോദരൻ സഹൽ എന്നിവർക്കെതിരേയാണു കൊടുങ്ങല്ലൂർ പൊലിസ് കേസെടുത്തത്. ചോദ്യം ചെയ്യലിനുശേഷം സഹലിനെ റിമാൻഡ് ചെയ്തെങ്കിലും അസ്ലമിനെ വിട്ടയച്ചു. തുടർന്നാണ് അസ്ലമിനെ വീടിന്റെ പിൻവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്ലം പണം തട്ടിയെടുക്കാൻ പദ്ധതിയിടുന്നെന്ന് ആരോപിക്കുന്ന ശബ്ദരേഖയാണു പെണ്കുട്ടിയുടെ കുടുംബം പുറത്തുവിട്ടത്. പെണ്കുട്ടിയുടെ കൈയിൽനിന്നു പണം വാങ്ങുന്നതിനെക്കുറിച്ചും സഹോദരിയുടെ പക്കൽനിന്നു മൂന്നുലക്ഷം ആവശ്യപ്പെടുന്നതിനെക്കുറിച്ചും അസ്ലം സുഹൃത്തായ മറ്റൊരാളോടു സംസാരിക്കുന്നതാണ് ശബ്ദസന്ദേശത്തിൽ ഉള്ളതെന്നാണു കുടുംബത്തിന്റെ വിശദീകരണം.
വീട്ടിൽനിന്നു സ്വർണം കാണാതായതിനെ കുറിച്ചു ചോദിച്ചപ്പോഴാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് ചിത്രങ്ങൾ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണവും സ്വർണവും വാങ്ങിയെന്നു പെണ്കുട്ടി വെളിപ്പെടുത്തിയെന്നു കുടുംബം പറയുന്നു.
ഓഡിയോ സന്ദേശങ്ങൾ ലഭിച്ചപ്പോഴാണു പൊലിസിൽ പരാതി നൽകിയത്. പരാതി നൽകിയ ദിവസം അസ്ലം പെണ്കുട്ടിയുടെ വീട്ടിലെത്തിയെന്നു കാണിക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു.