ഹൈദരാബാദ്: തെലുങ്കാന നിയമസഭാ സ്പീക്കർ ഗദ്ദം പ്രസാദ് കുമാറിനെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ ഭാരത രാഷ്ട്ര സമിതി(ബിആർഎസ്) എംഎൽസിമാരായ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ടി. മധുസൂദനൻ, എൻ. നവീൻകുമാർ റെഡ്ഢി എന്നവർക്കെതിരേ ഭാരതീയ ന്യായ് സൻഹിത, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമസഭാ സ്പീക്കറുടെ സ്പെഷൽ ഡ്യൂട്ടി ഓഫീസറാണ് സൈഫാബാദ് പൊലിസിൽ ഇതു സംബന്ധിച്ചു പരാതി നൽകിയത്.
സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം. നിയമസഭാ മന്ദിരത്തിനുള്ളിലേക്ക് കയറാനുള്ള പ്രതിപക്ഷപാർട്ടികളുടെ ശ്രമം പൊലിസ് തടഞ്ഞപ്പോഴായിരുന്നു ദളിത് നേതാവുകൂടിയായ സ്പീക്കർക്കെതിരേ ഇരുവരും വിവാദ പ്രസ്താവന നടത്തിയത്. തെലുങ്കാനയിലെ കോടിക്കണക്കിനാളുകളെ അവഹേളിക്കുന്നതിനു തുല്യമാണിതെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി അഭിപ്രായപ്പെട്ടിരുന്നു.