കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഉച്ചയ്ക്ക് രണ്ടിന് വിധിക്കും.കോട്ടയം വിജിലൻസ് കോടതിയുടേതാണ് നിർണായക കണ്ടെത്തൽ. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള സർവീസ് കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
വിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നൽകി. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദനയുണ്ടായിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസിൽ 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെത്തുടർന്നാണു വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുൻപാകെ വിചാരണ പൂർത്തിയാക്കിയത്.