കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ ഐഐടി അസിസ്റ്റന്റ് പ്രൊഫസറെ കാമ്പസിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി ദീപക് റെഡ്ഡി പുള്ളഗുരം (36) ആണ് മരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരാണ് ദീപക് റെഡ്ഡിയെ ക്യാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഐഐടി കാമ്പസിലെ ബി.സി റോയ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2022-ലാണ് അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ഐഐടി ഖരഗ്പൂരിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനുമുമ്പ് എൻഐടി വരംഗലിലും യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആർലിംഗ്ടണിലും പ്രവർത്തിച്ചിട്ടുണ്ട്.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളോ ജോലിസംബന്ധമായ മറ്റ് സമ്മർദങ്ങളോ മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.