കുലശേഖരം: കന്യാകുമാരി ജില്ലയിലെ റബർ ഡീലർമാർ ചേർന്നു തമിഴ്നാട് റബർ ഡീലേഴ്സ് അസോസിയേഷൻ രൂപീകരിച്ചു. പ്രസിഡന്റ് സ്റ്റാലിൻ ബെൻസാം, സെക്രട്ടറി മുരുകേശൻ, ട്രഷറർ കാഡ്വിൻ പ്രസാദ് എന്നിവരെ ഭരണസമിതി അംഗങ്ങളായി തെരഞ്ഞെ ടുത്തു. ജില്ലയിലെ പ്രമുഖ റബർ ഡീലർമാരായ എം.കെ. ഏബ്രഹാം, ബാലചന്ദ്രൻ നായർ, സുകുമാരൻ നായർ, സോമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കന്യാകുമാരി ജില്ലയിലെ റബർ ഡീലർമാർക്കു മാത്രമായി മാർക്കറ്റിംഗ് ബോർഡ് മുഖേന ഒരു ശതമാനം സെസ് ഈടാക്കുന്നതു ജില്ലയിലെ റബർ ഡീലർമാർക്കും കർഷകർക്കും ഉണ്ടാകുന്ന പ്രതിസന്ധി യോഗം വിലയിരുത്തി.
സേവനങ്ങൾ നൽകാതെ ഒരു ശതമാനം സെസ് നൽകേണ്ടിവരുന്നത് തടയാൻ സംസ്ഥാന സർക്കാരിനു നിവേദനം നൽകാനും ശ്രദ്ധ ക്ഷണിക്കൽ സമരം നടത്താനും യോഗം തീരുമാനിച്ചു. ഡീലർമാർക്കും കർഷകർക്കും ബാധ്യതയായ സെസ് ഒഴിവാക്കാൻ റബർ ബോർഡിന്റെ സഹായമില്ലാത്തതിൽ വിമർശനം ഉയർന്നു.