സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്‍ഡ് സ്കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്‍..?