സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്‍ഡ് സ്കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്‍..?

"പൊന്മാന്' ഉള്‍പ്പെടെ നമുക്ക് അടുത്തിടെ ആനന്ദം പകര്‍ന്ന ഒരുപാടു സിനിമകള്‍ ചെയ്ത നടന്‍കൂടിയായ ബേസില്‍ ഏറെ ആത്മവിശ്വാസത്തോടെ നിര്‍മിക്കുന്ന ഒരു പടം എന്നത് ആ സിനിമയിലുള്ള വിശ്വാസം കൂട്ടി. സാം ബോയ് എന്ന കോളജ് പയ്യനാകാന്‍ ബേസിൽ 8-10 കിലോ വരെ കുറിച്ചു. ചെയ്യേണ്ട ജോലികള്‍ ചെയ്യുകയും അല്ലാത്ത സമയത്ത് അതിന്റെ ഭാരവും ഗൗരവവും പിടിച്ചിരിക്കാതെ, എന്നാല്‍ സമയമാകുമ്പോള്‍ വലിയ ഗൗരവമുള്ള ഒരാളായി മാറുകയും ചെയ്യന്ന സൂപ്പര്‍ പ്രഫഷണൽ.
സ്ക്രീന്‍ സ്പേസ് കുറവെങ്കിലും ദര്‍ശന സിനിമയിലുണ്ടാക്കിയ സ്വാധീനം വലുതാണല്ലോ..?

ദര്‍ശനയുമായി മുമ്പ് റൈഫിള്‍ ക്ലബില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഏകദേശം ഒരേ സോണിലാണ്. ഇത് ഇങ്ങനെ ട്രൈ ചെയ്യാം എന്നൊക്കെ പറഞ്ഞ് അഭിനയിക്കാം. വളരെ കുറഞ്ഞ സമയം മാത്രമാണ് ജോപ്പന്-മെറിന് ബന്ധത്തിന്റെ ആയുസ്. ക്ലൈമാക്സില്‍ ദര്‍ശനയെ കോളജിലെ ഫോട്ടോയില്‍ കാണേണ്ടിവരുമ്പോള്‍ നമുക്കു വലിയ സങ്കടം വരുന്നുണ്ട്. വളരെ നല്ല ആക്ടറായതുകൊണ്ടാണ് കുറച്ചു സമയത്തെ സ്ക്രീന്‍ സ്പേസില്‍ അവര്‍ക്ക് അത്തരമൊരു സ്വാധീനം ഉണ്ടാക്കാനായത്. എല്ലാ സമയത്തും വീണ്ടും വര്‍ക്ക് ചെയ്യാന്‍ തോന്നുന്ന നല്ല ഒരു കോ-ആക്ടറാണു ദര്‍ശന.
കൃഷാന്തിന്റെ "മസ്തിഷ്ക മരണം'എന്ന പരീക്ഷണചിത്രത്തിന്റെ ഭാഗമായത്..?
കൃഷാന്ത് ഒരു സിനിമ തുടങ്ങുമ്പോള്‍ "ദേ, ഇങ്ങനെയൊരു കഥാപാത്രമുണ്ട്, ചെയ്യാന്‍ പറ്റുമോ'എന്നു ചോദിക്കാറുണ്ട്. കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയ ഫിലിംമേക്കറാണു കൃഷാന്ത്. സൈബല്‍ പംക് ജോണറില്‍ ഹോളിവുഡിലും മറ്റു ഭാഷകളിലും ഒരുപാടു സിനിമകളുണ്ടെങ്കിലും ഇവിടെ അത്തരമൊരു സിനിമയുണ്ടാക്കാന്‍ സാമ്പത്തിക കാര്യങ്ങളിലുള്‍പ്പെടെ ഒരുപാടു പരിമിതിയിലും കൃഷാന്ത് അതിനു ശ്രമിച്ചപ്പോള്‍ അതിനൊപ്പം നില്‍ക്കുകയായിരുന്നു. ഞാന്‍ മുമ്പു ചെയ്തിട്ടില്ലാത്ത തരത്തില്‍ കുറച്ചു ലൗഡ് പ്രകൃതവും നര്മവുമൊക്കെയുള്ള അഡ്വ. ഡോണ്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ആ സിനിമ ഞാന്‍ ഉദ്ദേശിച്ചതിലുമധികം, നെറ്റ്ഫ്ളിക്സിലുള്പ്പെടെ ശ്രദ്ധിക്കപ്പെട്ടു.
അടുത്തിടെ റിലീസായ ചിത്രങ്ങളിലൊക്കെയും ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങള്‍. അത്തരത്തില്‍ സെലക്ട് ചെയ്യുന്നതാണോ..?
ചിലതു നമുക്കു സെലക്ട് ചെയ്യാം. പക്ഷേ, അതു റിലീസാകുന്ന സമയം നമ്മുടെ കയ്യിലല്ല. ബി. ഉണ്ണികൃഷ്ണന് എന്ന സീനിയര്‍ ഫിലിം മേക്കര്‍. നമ്മളെല്ലാം എന്ജോയ് ചെയ്ത ഒരുപാടു സിനിമകളിലെ സ്റ്റാറായ നിവിന്‍ പോളി. പിന്നെ, ബാലചന്ദ്രമേനോന് സാറുമായി കോംബിനേഷന്‍. ഇതിഹാസതുല്യരായ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം. എല്ലാം പഠിച്ചശേഷം അഭിനയിക്കാമെന്നു ചിന്തിക്കാതെ അനുഭവസമ്പന്നര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് നമ്മളും മികച്ചതാവുകയാണു വേണ്ടതെന്നു ഞാൻ വിശ്വസി ക്കുന്നു. പ്രതിഛായ വലിയ ഒരു സിനിമയുമാണ്.
കഥയിൽ അരവിന്ദിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കപ്പുറം അയാളുടെ തസ്തികയ് ക്കാണു പ്രാധാന്യം. സംവിധായകനില്‍ വിശ്വാസമര്‍പ്പിച്ച് അത് എത്രത്തോളം തീക്ഷ്ണമായി ചെയ്യാമെന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ, മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി എന്നിവ മൂന്നാലു മാസങ്ങള്‍ക്കിടെ റിലീസായി എന്നത് നടനെന്ന നിലയില്‍ എന്റെ ഭാഗ്യമാണ്.
സിനിമയിലെ തുടക്കം..?
കിരണ്‍ ടിവിയില്‍ ആംഗറിംഗായിരുന്നു എന്റെ ആദ്യത്തെ തൊഴില്‍. അക്കാലത്തു ചെയ്ത സിനിമാ അഭിമുഖങ്ങളിലൂടെ സിനിമയിൽ താത്പര്യമേറി. നാലഞ്ചു വര്‍ഷത്തിനുശേഷം അതില്‍ നിന്നിറങ്ങി തിയറ്റര്‍ പ്രവർത്തനം. തുടര്‍ന്നു കരിക്ക് സീരീസില്‍ ഞാനും സുഹൃത്തും ചേര്‍ന്നെഴുതിയ ഇന്‍സോമ്നിയ നൈറ്റ്സ് ഉള്‍പ്പടെയുള്ള തീം ബേസ്ഡ് വര്‍ക്കുകള്‍ എനിക്കു സിനിമകളില്‍ അവസരമൊരുക്കി.
ആളൊരുക്കം, മറഡോണ, കുപ്രസിദ്ധ പയ്യന് തുടങ്ങിയവയാണ് തുടക്ക ചിത്രങ്ങള്‍. തുടര്‍ന്ന് ഒ.ബേബി, ആയിരത്തൊന്നു നുണകള്‍. എന്നെ കൂടുതല്‍പേര്‍ കാണുകയും ഒരു നടനെന്ന രീതിയില്‍ അടുത്തടുത്ത സിനിമകളിലേക്ക് ആരെങ്കിലുമൊക്കെ ആലോചിക്കുകയും ചെയ്യുന്ന അവസ്ഥ വന്നത് ആര്‍ഡിഎക്സിലെ പോള്‍സണു ശേഷമാണ്. തുടര്‍ന്ന് ആഷിക് അബുവിനൊപ്പം റൈഫിള്‍ ക്ലബില്‍. അക്കാലത്തു തന്നെയാണ് കൃഷാന്തിന്റെ സീരീസ് ചെയ്തത്. റൈഫിള്‍ ക്ലബ് ഇറങ്ങിയശേഷമാണു ‘മസ്തിഷ്കമരണ’ത്തിലെത്തിയത്.
ഇനി ഏതുതരം സിനിമകള്‍, കഥാപാത്രങ്ങള്‍..?
സിനിമകള്‍ക്കുവേണ്ടി ആത്മാര്‍ഥമായി ശ്രമിച്ചു. ആ തൊഴിലിനെ സീരിയസായി എടുത്തു. അങ്ങനെ കുറച്ചു വേഷങ്ങൾ ചെയ്യാനായതില്‍ സന്തോഷം. ചിലപ്പോള്‍ ചില പരീക്ഷണചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാറുണ്ട്. പക്ഷേ, ആളുകൾ ഏറ്റവുമധികം കാണുകയും ആഘോഷിക്കുകയും ചെയ്യുന്ന കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കാനും അതിൽ തുടരാനുമാണ് ആഗ്രഹം. ടിനു പാപ്പച്ചന് സിനിമ കൊല്ലം കോട്ട കമ്പനിയാണ് അടുത്ത റിലീസ്.
ലീഡ്, ഹീറോ വേഷങ്ങള്‍ പ്രധാനമല്ലേ..?
സിനിമയെന്ന മാധ്യമത്തില്‍ ഒരു നടനു മാത്രമായി ഒന്നും ചെയ്യാനാവില്ല. ധാരാളം ചേരുവകളുടെ കളക്ടീവ് ആര്ട്ടാണത്. ഒരു സംവിധായകനിലും അദ്ദേഹം പറയുന്ന രസകരമായ കഥയിലും നമുക്കു വിശ്വാസമുണ്ടാവുകയും അദ്ദേഹം നമ്മളെ ലീഡ് വേഷത്തിലേക്കു വിളിക്കുകയും ചെയ്താല്‍ ഉറപ്പായും ചെയ്യും. പക്ഷേ, അതിനുവേണ്ടി ധൃതിയില്ല. അത് എത്തുന്നതുവരെ കാത്തിരിക്കും.
Tags : vishnu agasthya athiradi interview