തൃശൂർ: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 51 വർഷങ്ങൾ പിന്നിടുമ്പോൾ അടിയന്തരാവസ്ഥ കാലഘട്ടത്തെക്കാൾ ഭീകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗമായ യൂജിൻ മോറേലി പറഞ്ഞു.
ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക, രാഷ്ട്രീയപാർട്ടികളിലെ ജനപ്രതിനിധികളെ കോടികൾ നൽകി വിലയ്ക്കുവാങ്ങി തങ്ങളുടെ പക്ഷത്തു ചേർക്കുക, ഇതിനു തയാറാകാത്ത ആളുകളെ ഭീഷണിപ്പെടുത്തി തങ്ങളുടെ പക്ഷത്താക്കുവാൻ ശ്രമിക്കുക, മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി വരുതിയിലാക്കുക ഇതൊക്കെയാണ് ഇന്ത്യാരാജ്യത്ത് മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർജെഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥവിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ യോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു യൂജിൻ മോറേലി. ജില്ലാ പ്രസിഡന്റ് ജെയ്സൺ മാണി അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിനു തൃശൂരിൽ നേതൃത്വം നല്കിയ അഡ്വ. വി.എൻ നാരായണൻ, മോഹനൻ അന്തിക്കാട്, വിൻസന്റ് പുത്തൂർ എന്നിവരെ ആദരിച്ചു.
പി.ഐ. സൈമൺ, കെ.സി വർഗീസ്, ജോർജ് വി. ഐനിക്കൽ, സാബു അമ്മനത്ത്, ജീജ പി. രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.