പത്തനംതിട്ട: സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി യാത്രയ്ക്ക് ഉദ്ഘാടന ദിവസത്തില്‍ വന്‍ വരവേല്പ്. ജില്ലയിലെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ഉദ്ഘാടനം നടന്നു. വിവിധ സ്ഥലങ്ങളില്‍ എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടനത്തില്‍ പങ്കാളികളായി.
രാവിലെ ഒമ്പതോടെ യാത്ര ആരംഭിച്ച എല്ലാ ഓര്‍ഡിനറി ബസുകളിലും പൂജ്യം നിരക്കിലുള്ള ടിക്കറ്റുകളാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍ സര്‍വീസ് അടക്കമുള്ള ബസുകളില്‍ യാത്രാ സൗജന്യം ലഭിച്ചു തുടങ്ങി. യാത്രാ സൗജന്യം അനുവദിച്ചിട്ടുള്ള ബസുകളില്‍ സ്റ്റിക്കറുകൾ പതിച്ചിരുന്നു.
സൗജന്യത്തോടെയുള്ള കന്നിയാത്ര ആസ്വദിക്കാന്‍ വനിതാ യാത്രക്കാര്‍ ഇന്നലെ ഏറെയുണ്ടായിരുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളുടെ തിരക്കും ബസുകളില്‍ ഉണ്ടായി. ആവേശത്തോടെയാണ് പുതിയ പദ്ധതിയെ ആളുകള്‍ വരവേറ്റത്. ഉദ്ഘാടനച്ചടങ്ങുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയാണ് പദ്ധതിയെ വരവേറ്റത്.
പത്തനംതിട്ടയില്‍ പ്രിയദര്‍ശിനി യാത്ര ഉദ്ഘാടനം മലയാലപ്പുഴ ക്ഷേത്രത്തിലേക്കുള്ള ഓര്‍ഡിനറി ബസിലായിരുന്നു. അബിന്‍ വര്‍ക്കി എംഎല്‍എ ആദ്യ ടിക്കറ്റ് കൈമാറി. കോട്ടയം ഓര്‍ഡിനറി ബസിലും എംഎല്‍എ യാത്രക്കൊര്ക്കൊപ്പം ബസില്‍ കയറി ആശംസ അര്‍പ്പിച്ചു. മധുരവിതരണവും നടന്നു.
യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് എംഎല്‍എ പത്തനംതിട്ട ബസ് സ്റ്റേഷനിലെത്തിയത്. നഗരസഭാധ്യക്ഷ സിന്ധു അനില്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ എ. ഷംസുദീന്‍, ചെയര്മാന് ടി.എം. ഹമീദ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവല്ല: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സൗജന്യ ബസ് യാത്രയുടെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം കെ എസ്്ആര്ടിസി ബസ് സ്റ്റേഷനില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു . മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എസ്. ലേഖ അധ്യക്ഷത വഹിച്ചു.
ആദ്യ സൗജന്യ ബസ് സര്‍വീസ് തിരുവല്ലയില്‍നിന്ന് പായിപ്പാട് വഴി മല്ലപ്പള്ളിയിലേക്ക് നടത്തിയപ്പോള്‍ ജനപ്രതിനിധികള്‍ അടക്കം നിരവധി സ്ത്രീകള്‍ ബസില്‍ യാത്ര ചെയ്തു.
ജില്ല പഞ്ചായത്തംഗം സാം ഈപ്പന്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, വിവിധ കക്ഷി നേതാക്കളായ ലാലു തോമസ്, വര്‍ഗീസ് ജോണ്‍, റെജി തോമസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്, ബിനു വി. ഈപ്പന്, ഏബ്രഹാം കുന്നുകണ്ടം, ആര്. ജയകുമാര്‍, ഷിബു പുതുക്കേരില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജി. സാബു, ഹരിദാസി ശശി, ജ്ഞാനമണി മോഹനന്, ബ്ലോക്ക് പഞ്ചായത്തംഗം എ. ഡി. ജോണ്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെംബര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തു. കുന്നന്താനം, പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലും യാത്രയ്ക്കു സ്വീകരണം ലഭിച്ചു.
മല്ലപ്പള്ളി: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് തിരുവല്ലയില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ ആദ്യ പ്രിയദര്‍ശിനി ബസിന് മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. കെ. സുബാഷ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ.ജി. സാബു, തോമസ് മാത്യു, ജോണ്സണ് കുര്യന്,മധു ചെമ്പുകുഴി, ലിബിന് വടക്കേടത്ത്, കീഴ്വായ്പൂര് ശിവരാജന്, സിന്ധു സുബാഷ്, ഗ്രേസി മാത്യു, റെജി തേക്കുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.തിരുവല്ലയില്‍നിന്ന് കുന്നന്താനം വഴി മല്ലപ്പള്ളിയിലെത്തിയ ബസില്‍ വനിതാ കണ്ടക്ടര്‍ ബിന്ദു ഷാജിയാണ് ടിക്കറ്റ് നല്‍കിയത്.
തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളുള്ള എംസി റോഡിന്റെ പ്രധാന ജംഗ്ഷനുകളില്‍ ഇന്നലെ പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. നിരവധി വനിതകള്‍ ബസുകളെ വരവേല്‍ക്കാനും യാത്രയ്ക്കായും എത്തിയിരുന്നു.
ഇന്നലെ രാവിലെ ജില്ലാ അതിര്‍ത്തിയായ ആറാട്ടുകടവിനു സമീപം യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബസിനു സ്്വീകരണം നല്കി. ഷിബു വെളിയത്ത്, ലിജോ മുട്ടാണിശേരില്‍ , മോന്‍സി നെടുങ്ങാട്ടേത്ത്, ജൂണി കുതിരവട്ടം, കൊച്ചുമോള് ചെറിയാന്, ടോണി ജോസഫ്, മോനച്ചന് കാട്ടുവേലി, രാജു വെളിയത്ത് ,സാബു മാത്യു എന്നിവര്‍ നേതൃത്വം നല്കി. കുറ്റൂര്‍, തിരുമൂലപുരം എന്നിവിടങ്ങളിലും വനിതാ യാത്രക്കാര്‍ ബസുകളെ വരവേറ്റു.
റാന്നി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ പ്രിയദര്‍ശിനി യാത്രയുടെ ഉദ്ഘാടനം പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിലും സ്ത്രീ ശക്തീകരണ ചരിത്രത്തിലും സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒരു സുപ്രധാനമായ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് പഴകുളം മധു പറഞ്ഞു.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സതീഷ് ബാബു, ജൂലി സാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ രമാദേവി, കെ, ഉഷ, എച്ച്. സുനില്‍കുമാര്‍ എച്ച്, അനില്‍കുമാര്‍ പൈകര, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്, സനോജ് മേമന, സമദ് മേപ്രത്ത്, രജീവ് താമരപള്ളില്‍, ഏബ്രഹാം മാത്യു, സാംജി ഇടമുറി, കാട്ടൂര്‍ അബ്ദുല്‍ സലാം, റ്റി. കെ. സാജു, ലാലു ജോണ്‍, സാബു ഓലിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
റാന്നിയില്‍നിന്നു മണ്ണടിശാലയിലേക്കുള്ള ബസിലാണ് ആദ്യമായി പദ്ധതിക്കു തുടക്കം കുറിച്ചത്. പഴകുളം മധു എംഎല്‍എ ടിക്കറ്റ് കൈമാറി.
അടൂര്‍: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി അടൂരില്‍ ഉത്സവാന്തരീക്ഷത്തില്‍ തുടക്കമായി. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സി.വി. ശാന്തകുമാര്‍ എംഎല്‍എ പദ്ധതി ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
സ്ത്രീകളുടെ വന്‍ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പന്തളത്തേക്കുള്ള സര്‍വീസില്‍ വനിതാ യാത്രക്കാര്‍ക്കും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം സി.വി. ശാന്തകുമാര്‍ എംഎല്‍എയും യുഡിഎഫ് കണ്‍വീനര്‍ പഴകുളം ശിവദാസനും യാത്ര ചെയ്തു.
എടിഒ റെജി മാത്യു അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ തോപ്പില്‍ ഗോപകുമാര്‍, ഏഴാംകുളം അജു, ബിജു വര്‍ഗീസ്, മണ്ണടി പരമേശ്വരന്, അനിത കുമാരി, നഗരസഭ ചെയര്‍പേഴ്സണ്‍ റീന സാമുവേല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ തരകന്, ഇ.എ. ലത്തീഫ്, ഡി. ശശികുമാര്‍, പി.കെ. മുരളി, വിമല മധു തുടങ്ങിയവര്‍ പങ്കെടുത്തു.ആദ്യ സൗജന്യ ടിക്കറ്റ് നല്കാന് കണ്ടക്ടര്‍ കെ. ശ്രീജയാണ് പന്തളം ബസില്‍ ഉണ്ടായിരുന്നത്.