പ്രതീകാത്മക ചിത്രം
ഇടുക്കി: മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതോടെ കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസിനും മികച്ച വരുമാനം. കഴിഞ്ഞ 17 മുതൽ 21 വരെയുള്ള അഞ്ച് ദിവസത്തിനിടെ രണ്ട് ഡബിൾ ഡക്കർ ബസുകളിലായി 1,191 പേരാണ് യാത്ര ചെയ്തത്. ഇതിലൂടെ 4,06,000 രൂപയുടെ വരുമാനം ലഭിച്ചു.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കുന്ന കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസുകൾ ഇതിനകം സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണമായി മാറിയിട്ടുണ്ട്. മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാർന്ന തേയിലത്തോട്ടങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രയാണ് ഈ സർവീസിന്റെ പ്രത്യേകത.
മൂന്നാറിൽനിന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ അണക്കെട്ടിന് സമീപം വരെയാണ് ബസ് സർവീസ് നടത്തുന്നത്. യാത്രയ്ക്കിടെ അഞ്ച് സ്ഥലങ്ങളിൽ ബസ് നിർത്തുന്നതിനാൽ സഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിക്കാനും കാഴ്ചകൾ പകർത്താനും അവസരമുണ്ട്.
2025 ഫെബ്രുവരി എട്ടിനാണ് കെഎസ്ആർടിസിയുടെ ആദ്യ റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് മൂന്നാറിൽ ആരംഭിച്ചത്. വിനോദസഞ്ചാരികളുടെ മികച്ച പ്രതികരണത്തെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ രണ്ടാമത്തെ ബസും സർവീസ് തുടങ്ങി.
Tags :