പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലിസ്. കേസിൽ ഇരയായ 16-കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്നാട് പൊലിസ് കോടതിയെ സമീപിച്ചു. കോടതി അനുമതി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും.
ചെന്നൈയിലെ സ്പായിലും പീഡനത്തിന് ഇരയായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം ആന്ധ്രാപ്രദേശിലെത്തി. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൽ തെളിവെടുപ്പ് നടത്തുന്നതിനും സഹോദരിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുമാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കേസിന് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിനെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. പെൺകുട്ടിയെ കേരളത്തിലെത്തിച്ചതെങ്ങനെ, ഇതിന് പിന്നിൽ പ്രവർത്തിച്ച ഇടനിലക്കാർ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്ത് കേസെടുക്കാനും നീക്കമുണ്ട്.
അതേസമയം കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപാണ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ എന്ന പദവി ഉപയോഗിച്ച് സ്ഥാപിച്ച ബന്ധങ്ങളിലൂടെയാണ് ഇയാൾ സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
Tags :