രാരിയും മകനും താമസിക്കുന്ന വീട് മന്ത്രി ഒ.ജെ. ജെനീഷ് സന്ദര്‍ശിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: വള്ളിവട്ടം നായ്ക്കുളത്തുകാട് പരേതനായ വലിയപറമ്പില്‍ ഗോപിയുടെ ഭാര്യ രാരിയും മകനും താമസിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീടുകാണാന്‍ മന്ത്രി ഒ.ജെ. ജെനീഷെത്തി.
വൈദുതിയില്ലാത്ത വീട്ടിൽ ഇഴജന്തുക്കളുടെ ശല്യവും മഴയും വെയിലുംകൊണ്ട്, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായാണ് രോഗിയായ രാരി താമസിക്കുന്നത്.
രാരിക്കുകിട്ടുന്ന പെന്ഷന് തുകയാണ് ഏക വരുമാനം. നാട്ടുകാരുടെ സഹായത്താലാണ് മരുന്നും ഭക്ഷണത്തിനുമുള്ള ചെലവും കണ്ടെത്തുന്നത്. മന്ത്രി ഒ.ജെ. ജെനീഷ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ വീട് ഈ അമ്മയ്ക്കും മകനും പണിതു കൊടുക്കാമെന്നു ഉറപ്പുനല്‍കി. വൈദ്യുതി ഉടനെ ലഭ്യമാക്കാന്‍ മന്ത്രി നടപടി സ്വീകരിക്കുകയുംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്നയാണ് ഇവരുടെ ദയനീയയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്.മന്ത്രിയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുല്ലക്കുട്ടി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.വി. സജീവ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്ത്, എ.എ. മുസമ്മില്‍, കെ.എച്ച്. അബ്ദുല്‍നാസര്‍, വി. മോഹന്‍ദാസ്, രാജീവ് കോടുമാടം എന്നിവരുമുണ്ടായിരുന്നു.
Tags :