കോഴിക്കോട്: നിക്ഷേപത്തുക തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതികളെത്തുടര്‍ന്ന് തൃശൂര്‍ ആസ്ഥാനമായുള്ള മാനവ കെയര്‍ കേന്ദ്ര മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാവര-ജംഗമ വസ്തുക്കള്‍ താത്ക്കാലികമായി കണ്ടുകെട്ടാന്‍ അതത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കു സര്‍ക്കാരിന്റെ നിര്‍ദേശം.
നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം കാലാവധി കഴിഞ്ഞിട്ടും പലിശയോ മുതലോ തിരികെ നല്‍കാതെ സ്ഥാപനം വഞ്ചിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി സംസ്ഥാന പൊലിസ് മേധാവി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ്, കേരള നിക്ഷേപകരുടെ താത്പര്യ സംരക്ഷണ നിയമം (കെപിഐഡി ആക്ട് - 2013) സെക്ഷന്‍ -3 പ്രകാരം സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി.
സൊസൈറ്റിയുടെയും ഡയറക്ടര്‍മാരുടെയും മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. പ്രതികളുടെ പേരില്‍ തിരിച്ചറിയുന്ന മുഴുവന്‍ സ്ഥാവരജംഗമ സ്വത്തുക്കളും താത്കാലികമായി കണ്ടുകെട്ടാനും കളക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിവരങ്ങള്‍ സഹിതം 30 ദിവസത്തിനകം ജില്ലാ കളക്ടര്‍മാര്‍ അടങ്ങിയ കോംപിറ്റന്റ് അഥോറിറ്റികള്‍ പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കണം.
തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലായി സൊസൈറ്റിക്കെതിരേ രജിസ്റ്റര്‍ ചെയ്ത 44 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോഴിക്കോട്, വയനാട് യൂണിറ്റുകള്‍ക്കാണ് അന്വേഷണ ചുമതല.