കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി കവിത ആണ് മരിച്ചത്. ബാങ്കിൽ നിന്നെടുത്ത വായ്പയിൽ കവിതയ്ക്കും കുടുംബത്തിനും ജപ്തി നോട്ടിസ് ലഭിച്ചിരുന്നു.
ജപ്തി നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് കവിതയും ഭർത്താവ് ബാബുവും ചേർന്ന് വായ്പ എടുത്തിരുന്നു. ഇതിൽ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് ജപ്തി നോട്ടിസ് നൽകിയിരുന്നു.
50 ലക്ഷത്തിനടുത്ത് വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നതായാണ് വിവരം. ബാങ്കിനെ സമീപിച്ച് സാവകാശം തേടിയെങ്കിലും അത് ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കവിതയുടെ ബന്ധുക്കൾ പേരാമ്പ്ര പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.