ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യൻ നാവികർക്കുനേരേ ഒമാൻ തീരത്തുനടന്ന ആക്രമണത്തിൽ വീണ്ടും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.
ഇന്നലെ യുഎസ് ചാര്‍ജ് ദെ അഫയേഴ്സ് ജേസണ്‍ മീക്സിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയും ജേസൺ മീക്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി (അമേരിക്കന്‍ ഡിവിഷന്) നാഗരാജ് നായിഡുവാണ് യുഎസ് നയതന്ത്രജ്ഞനെ നേരിട്ട് വിളിച്ച് ഇന്ത്യയുടെ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയത്.
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎസിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഒമാന്‍ തീരത്ത് എംടി ജല്‍വീര്‍ എന്ന എണ്ണക്കപ്പലിനുനേരേ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്.
ചൊവ്വാഴ്ച എംടി സെറ്റെബെല്ലോ എന്ന കപ്പലിനു നേരേയുള്ള ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമാവുകയായിരുന്നു.
തിങ്കളാഴ്ച എംടി മാരിവെക്സ് എന്ന കപ്പലിനെയും യുഎസ് സേന ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നയതന്ത്രതലത്തിൽ ഇന്ത്യയുടെ പ്രതിഷേധം.