കൊച്ചി: മോഷണശ്രമം തടയാൻ ശ്രമിച്ച ഗൃഹനാഥന്‍റെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്‍റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. വ്യാഴാഴ്ച രാത്രി മകന്‍റെ ഭാര്യയുടെ സ്വർണമാല കവരാൻ ശ്രമിച്ച പ്രതിയെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പൊതുപൈപ്പിൽനിന്ന് വെള്ളം ശേഖരിക്കാൻ എത്തിയതായിരുന്നു യുവതി.
വെള്ളമെടുക്കുന്നതിനിടെ അക്രമി മാല പൊട്ടിക്കാൻ ശ്രമിക്കുകയും യുവതി ബഹളം വയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ സലീം മോഷ്ടാവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി സലീമിന്‍റെ തള്ളവിരൽ കടിച്ചുമുറിച്ചത്. സംഭവത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്.
അറ്റുപോയ വിരലുമായി സലീമിനെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.