അമ്പലമുകൾ: അമ്പലമുകളിലുള്ള ഫാക്ടിന്റെ കൊച്ചിൻ ഡിവിഷനിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ഫോസ്ഫോറിക് ആസിഡ് കടത്താനുള്ള ശ്രമം സിഐഎസ്എഫ് പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർമാരായ രണ്ട് തമിഴ്നാട് സ്വദേശികളെ സിഐഎസ്എഫ് പിടികൂടി അമ്പലമേട് പൊലിസിനു കൈമാറി. അൺലോഡിംഗിനിടെ വിപണിയിൽ 23 ലക്ഷം വില വരുന്ന 22 ടൺ ഫോസ്ഫോറിക് ആസിഡ് മിച്ചം വച്ച് കടത്താനായിരുന്നു ഡ്രൈവർമാരുടെ ശ്രമം.
വെല്ലിംഗ്ടൺ ഐലൻഡിലുള്ള ഫാക്ടിന്റെ ക്യൂ 10 ടെർമിനലിൽ നിന്ന് ഒരേ ഏജൻസിയുടെ നമ്പർ സാമ്യമുള്ള രണ്ടു ലോറികളിലായി 28 ടൺ വീതം ഫോസ്ഫോറിക് ആസിഡ് അമ്പലമേടിലെ കമ്പനിയിൽ എത്തിച്ച് ഇറക്കുന്നതിനിടെയായിരുന്നു തട്ടിപ്പിനു ശ്രമം. ആദ്യത്തെ ലോറിയിൽനിന്നു ലോഡ് പൂർണമായി ഇറക്കി സീറോ മെഷർമെന്റ് ലഭിച്ചശേഷം രണ്ടാമത്തെ ലോഡിൽനിന്ന് ആറു ടൺ മാത്രം ആസിഡ് ഇറക്കി ബാക്കി മിച്ചം പിടിക്കുകയായിരുന്നു.
പിന്നീട് ആദ്യത്തെ ലോറിക്കു ലഭിച്ച സീറോ മെഷർമെന്റ് സ്ലിപ്പിൽ രണ്ടാമത്തെ ലോറിയുടെ നമ്പർ തിരുത്തി ക്ലിയറിംഗിനായെത്തിച്ചപ്പോൾ മാനേജർക്കു സംശയം തോന്നിയതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. 29ന് രാത്രി എട്ടോടെയായിരുന്നു സംഭവം. ഇത്തരത്തിൽ വെട്ടിപ്പ് നടക്കുന്നതായി സംശയമുള്ളതിനാൽ ലോഡിറക്കാനെത്തുന്ന ലോറികൾ കമ്പനി വിജിലൻസ് വിഭാഗത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. മാസങ്ങളായി ഇത്തരത്തിൽ വെട്ടിപ്പ് നടത്തി കോടികൾ തട്ടിച്ചെടുത്തതായി പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ കർശന പരിശോധന നടത്താനുള്ള നീക്കത്തിലാണ് കമ്പനി അധികൃതർ.