കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന വിവരം ഞെട്ടലുണ്ടാക്കുന്നതായി ഹൈക്കോടതി.
മുമ്പ് നടന്ന ഓഡിറ്റുകള്‍ കൈകാര്യം ചെയ്തത് ഏതു വിധത്തിലാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
2023-24 വര്‍ഷം വരെയുള്ള ഓഡിറ്റിംഗ് മാത്രമാണു പൂര്‍ത്തിയായതെന്നും ദേവസ്വത്തില്‍നിന്നു കൃത്യമായ വിവരങ്ങള്‍ നല്കാത്തതിനാല് തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഓഡിറ്റിംഗ് തടസപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ 26ാം വകുപ്പ് പ്രകാരം ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചു ഫണ്ട് ദുരുപയോഗം കണ്ടെത്താനും നഷ്ടം ഈടാക്കാനും ദേവസ്വം കമ്മിഷണര്‍ക്കാണു ബാധ്യതയുള്ളതെന്നും ഇതുവരെ എന്തു നടപടികളാണ് സ്വീകരിച്ചതെന്നു കമ്മിഷണര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഓഡിറ്റിംഗ് സംബന്ധിച്ചു സ്വമേധയാ എടുത്ത ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.മറുപടിക്ക് ദേവസ്വവും സര്‍ക്കാരും സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജികള്‍ വീണ്ടും 20ന് പരിഗണിക്കാന്‍ മാറ്റി.