തിരുവനന്തപുരം: ശന്പളവും പെൻഷനും ബോണസും ഉത്സവ ബത്തയും അടക്കമുള്ള ഓണച്ചെലവുകൾക്കായി സംസ്ഥാന സർക്കാരിനു കണ്ടെത്തേണ്ടിവരുന്നത് 9,000 കോടിയോളം രൂപ. ഓണത്തിനു മുന്നോടിയായി സാമൂഹിക സുരക്ഷാപെൻഷൻ വിതരണവും ഈ ആഴ്ചയിൽ നടക്കും. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിന് 952.74 കോടിയും ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണത്തിന് 128.6 കോടി രൂപയും വേണം.
സർക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് 20 മുതൽ നൽകിത്തുടങ്ങും. കെഎസ്ആർടിസിക്കും നഷ്ടത്തിലുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത വിതരണത്തിനും പണം കണ്ടെത്തേണ്ടതുണ്ട്.
അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്വാസ ധനസഹായ വിതരണം, പരന്പരാഗത മേഖലയായ കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കുള്ള ഓണം തുക വിതരണം തുടങ്ങിയവയ്ക്കുള്ള തുക കണ്ടെത്തേണ്ടതുണ്ട്. സാധാരണ ഇത്തരം മേഖലകളിലെ സഹായവിതരണവുമായി ബന്ധപ്പെട്ടാണ് സർക്കാരുകൾ വിയർക്കുക. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ ഉത്സവബത്തയും നൽകേണ്ടതുണ്ട്.
ഓണം വിപണയിലെ ഇടപെടലിനായി സപ്ലൈകോയ്ക്ക് നേരത്തെ തന്നെ തുക അനുവദിച്ചിരുന്നു. കൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണവും തുടങ്ങിയിരുന്നു. പട്ടിക വർഗ വിഭാഗങ്ങൾക്ക് കഴിഞ്ഞ ഏതാനും വർഷമായി നൽകിവരുന്ന ഓണസമ്മാനം ഇത്തവണ പ്രഖ്യാപിച്ചില്ലെന്ന പരാതിയുണ്ട്. ഓണം വാരാഘോഷത്തിനും കലാപരിപാടികൾക്കുള്ള ചെലവുമുണ്ട്.
ഓണച്ചെലവുകൾക്കായി 2200 കോടി രൂപ കടമെടുക്കും. നാളെ ഇതു സംബന്ധിച്ച നടപടി മുംബൈ റിസർവ് ബാങ്കിൽ നടക്കും. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കൊപ്പം പണം കണ്ടെത്താനുള്ള നടപടികളും മുൻകൂട്ടി തുടങ്ങിയിരുന്നു. ട്രഷറിയിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കൂടുതൽ സ്ഥിരനിക്ഷേപം സ്വീകരിച്ചതും ഓണക്കാലത്തെ പണം കണ്ടെത്താനുള്ള മാർഗങ്ങളുടെ ഭാഗമായിട്ടായിരുന്നു. പോലീസിനെ ഉപയോഗിച്ച് പാർക്കിംഗിന് ഉൾപ്പെടെ വ്യാപകമായി പിഴ ഈടാക്കിയതും പണം കണ്ടെത്താനുള്ള സർക്കാർ നടപടികളുടെ ഭാഗമാണെന്ന വിമർശനവും ഉയർന്നിരുന്നു.
ഓണവിപണിയിലേക്ക് വിവിധ വിഭാഗങ്ങളിൽനിന്നുള്ള പണം ഒഴുകിയെത്തുന്പോൾ ജിഎസ്ടി ഇനത്തിൽ വലിയ തുക അടുത്ത മാസങ്ങളിലായി സർക്കാരിലേക്ക് എത്തുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. എന്നാൽ, ഓണക്കാല ചെലവുകൾ നേരിടാൻ ആവശ്യമായ തുക ട്രഷറിയിൽ കരുതലുണ്ടെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്.