മെൽബൺ: ഓസ്ട്രേലിയൻ എംപി ഹെലൻ ഹെയ്സിനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഹെലൻ ചികിത്സയിലാണ്.
വിക്ടോറിയയിലെ വങ്കാർത്തയിൽ ഹെലന്റെ ഓഫിസിനു പുറത്തുവച്ചായിരുന്നു സംഭവം. 65കാരിയായ ഹെലനെ ടയോട്ട ലാൻഡ് ക്രൂസർ ഇടിക്കുകയായിരുന്നു. സംഭവം ആസൂത്രിത ആക്രമണമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. വാഹനമോടിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ദേശീയ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. “ഇതൊരു അപകടമായിരുന്നില്ല. ആസൂത്രിത ആക്രമണമാണെന്നാണ് കരുതുന്നത്. എന്താണ് അക്രമിയുടെ ലക്ഷ്യമെന്ന് വ്യക്തമല്ല’’-ആൽബനീസ് പറഞ്ഞു.
ഡ്രൈവറെ സംഭവസ്ഥലത്തുവച്ചുതന്നെ വഴിയാത്രക്കാർ പിടികൂടി പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. കാറിനുള്ളിൽനിന്നു കത്തി പൊലിസ് കണ്ടെടുത്തു.