പാലാ: കൊട്ടാരമറ്റത്തെ വിവാദ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് വിഷയത്തില്‍ പാലാ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കൊപ്പം. ഇന്നലെ ചേർന്ന കൗൺസിലിൽ വിഷയം പഠിക്കാന്‍ നഗരസഭാ സെക്രട്ടറിയെ ചുതലപ്പെടുത്തിയതായി നഗരസഭാധ്യക്ഷ ദിയാ ബിനു അറിയിച്ചു.
പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ ചേരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ 12 പേര് ഒപ്പിട്ട കത്ത് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചയുടന്‍ മറ്റ് മൂന്നു വിഷയങ്ങള്‍ ചെയര്‍പേഴ്സണ്‍ ആദ്യം വായിക്കുകയും നാലാമതായി ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് സംബന്ധിച്ച് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം വായിക്കുകയും ചെയ്തു. ഇതിനിടെ ഭരണപക്ഷത്തെ 14 കൗണ്‍സിലര്‍മാര്‍ സ്റ്റാന്ഡിനനുകൂലമായി ഒപ്പിട്ട് കത്ത് നല്‍കിയതായി അറിയിച്ച ചെയര്‍പേഴ്സണ്‍ തുടര്‍ന്ന് ഇതു സംബന്ധിച്ച് പഠിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു.
കൗണ്‍സില്‍ യോഗത്തിന് മുമ്പ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം യുഡിഎഫ് ഓഫീസില്‍ ചേര്‍ന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും സമ്മതിക്കാതെ ചെയര്‍പേഴ്സണ്‍ ഏകാധിപത്യ പ്രവണത കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന് ആരോപിച്ചു.