പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു പിന്നിലുള്ള സ്ഥലത്ത് ഓട്ടോ സ്റ്റാന്‍ഡ് അനുമതിയില്ലാതെ തുടങ്ങിയതിനെച്ചൊല്ലി നഗരസഭാ കൗണ്‍സിലില്‍ വിവാദം. യുഡിഎഫ് അംഗങ്ങളും സ്വതന്ത്രകൂട്ടായ്മയിലെ അംഗങ്ങളും ചേര്‍ന്നതാണ് ഭരണമുന്നണി.
കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടയില്‍ സ്വതന്ത്ര കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും ചേര്‍ന്ന് മര്‍ദിച്ചതായി കോണ്‍ഗ്രസ് അംഗം ബിജു മാത്യൂസ് പോലീസില്‍ പരാതി നല്‍കിയതോടെ വിവാദങ്ങള്‍ കൊഴുക്കുകയാണ്.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അംഗത്തെ പിന്തുണച്ചു പ്രതിപക്ഷമായ എല്‍ഡിഎഫും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും രംഗത്തെത്തി. ഓട്ടോ സ്റ്റാന്‍ഡ് നഗരസഭാ സ്ഥലത്ത് തുടങ്ങിയതിനെ കോണ്‍ഗ്രസ് അംഗം ബിജു മാത്യൂസ് പിന്തുണച്ചതാണ് സ്വതന്ത്ര കൂട്ടായ്മയിലെ കൗണ്‍സിലര്‍മാരെ പ്രകോപിപ്പിച്ചത്. അതേസമയം ഈ വിഷയത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചു. ബസ് സ്റ്റാൻഡിലെ വാണിജ്യ സമുച്ചയം നിര്‍മിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി ഈ സ്ഥലമാണ് ഓട്ടോ സ്റ്റാന്‍ഡായി ഉപയോഗിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.
പിന്നീട് പ്രധാന റോഡില്‍ ഓട്ടോകള്‍ പാര്‍ക്കു ചെയ്തുതുടങ്ങി. ഇതുമൂലം അപകടങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ കാലില്‍ വാഹനം കയറിയതാണ് ഓട്ടോ തൊഴിലാളികളെ സ്ഥലം മാറാന്‍ പ്രേരിപ്പിച്ചത്. വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതുവരെ ഓട്ടോ തൊഴിലാളികളെ അവിടന്ന് മാറ്റാന്‍ സെക്രട്ടറി തയാറാകരുതെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന് അധ്യക്ഷത വഹിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗത്തെ പിന്തുണച്ചു ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാനുമായ സതീഷ് ചൊള്ളാനി രംഗത്തെത്തി.
ഈ വിഷയം ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കന്മാരും ഓട്ടോ തൊഴിലാളികളും ബസ് ഉടമകളും പോലീസ് അധികാരികളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. യുഡിഎഫ് പാര്‍ലമെന്ററി പാർട്ടി യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായി . കൈയാങ്കളിയോ കൈയേറ്റമോ ഉണ്ടായിട്ടില്ല. കൃത്യമായ നിയമ നടപടികള്‍ പാലിച്ച് ഓട്ടോ സ്റ്റാന്‍ഡ് വാങ്ങിയെടുക്കാനാണ് തൊഴിലാളികള്‍ ശ്രമിക്കേണ്ടതെന്നും കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ സിജി ടോണി തോട്ടത്തില്‍, ബിജു വരിക്കാനി, സോണിയ ചിറ്റേട്ട് എന്നിവര്‍ പറഞ്ഞു.
ആരോപണം അടിസ്ഥാന രഹിതം:സ്വതന്ത്ര മുന്നണി കൂട്ടായ്മ
കോണ്‍ഗ്രസ് കൗണ്‍സിലറെ കൈയേറ്റം ചെയ്തുവെന്ന പരാതി അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രമുന്നണി കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും പറഞ്ഞു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ സ്റ്റാന്‍ഡ് വരുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല.
നടപടിക്രമങ്ങള്‍ പാലിക്കാതെ സ്റ്റാന്‍ഡ് അനുവദിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നു മാത്രമാണ് തങ്ങള്‍ നിലപാട്
എടുത്തത്. കൗണ്‍സില്‍ അംഗീകരിക്കാതെയുള്ള ഓട്ടോ സ്റ്റാന്‍ഡ് പൊതുമുതല്‍ കൈയേറ്റത്തിന്റെ പരിധിയിലാണ്. തൊഴിലാളികളുടെ ആവശ്യം എഴുതിവാങ്ങി കൗണ്‍സില്‍ അംഗീകരിച്ച് അവര്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കാമെന്ന നിര്‍ദേശം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Tags : Nattuvishesham Local News auto stand