പ്രതീകാത്മക ചിത്രം
മലപ്പുറം: ഓണം ഖാദി മേള ഇന്ന് ആരംഭിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിലെ വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷൽ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ, (മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം, കോട്ടപ്പടി, മലപ്പുറം), ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ജില്ലയിലെ ഖാദി ഉത്പാദന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഗ്രാമസൗഭാഗ്യകളിലും മേള സംഘടിപ്പിച്ചിട്ടുണ്ട്.
സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സഹ. സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പിൽ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സംസ്ഥാനതല മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒരാൾക്ക് ടാറ്റ തിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സ്കൂട്ടറും മൂന്നാം സമ്മാനമായി 30 പേർക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും ഉൾപ്പെടുന്ന സമ്മാന പദ്ധതിയുമുണ്ട്.