നജീബ് കാന്തപുരം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും ജനപ്രതിനിധികളുടെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും യോഗത്തിൽ തീരുമാനം. നജീബ് കാന്തപുരം എംഎൽഎയുടെ അധ്യക്ഷതയിൽ ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനങ്ങളെടുത്തത്.
നിലവിലുള്ള സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കിടത്തിച്ചികിത്സയും അത്യാവശ്യ ശസ്ത്രക്രിയകളും മുടക്കമില്ലാതെ രോഗികൾക്ക് ഉറപ്പാക്കുകയാണ് പ്രധാനം.
ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്താൻ കഴിയുന്ന കേസുകൾ മറ്റുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന ആവശ്യമാണ് ജനപ്രതിനിധികളും ആശുപത്രി വികസനസമിതി അംഗങ്ങളും യോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും ശ്രദ്ധയും ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി.
ഒപി വിഭാഗം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പരമാവധി രോഗികളെ പരിശോധിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കും.
ഇതിനാവശ്യമായ നടപടികൾക്കായി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 12 കോടിയുടെ കിഫ്ബി പദ്ധതിയും മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഒരു കോടി രൂപ വിനിയോഗിച്ചു അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. പേവാർഡ് അടിയന്തരമായി തുറന്നുപ്രവർത്തിക്കാൻ തീരുമാനമെടുത്തു. ഓങ്കോളജി വിഭാഗത്തിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങൾ വിപുലീകരിക്കും.
ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള രജിസ്ട്രേഷൻ നടപടികൾക്കായി രോഗികളുടെ നീണ്ടനിര ഒഴിവാക്കുന്നതിന് സമാന്തര സംവിധാനം ഏർപ്പെടുത്തും. നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ സമയക്രമം പുനക്രമീകരിക്കും.
ഫാർമസിയിലെ തിരക്ക് കുറക്കാൻ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ലാബ് പരിശോധന ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും എക്സറേ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൂപ്രണ്ടിന് നിർദേശം നൽകിതായി നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി, ആശുപത്രി സൂപ്രണ്ട് ഡോ. ഷീനലാൽ, ആർഎംഒ ഡോ. ദീപക് കെ. വ്യാസ്, എച്ച്എംസി അംഗങ്ങളായ എ.കെ. നാസർ, മാനുപ്പ കുറ്റീരി, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ചന്ദ്രദീപു, രാജശ്രീ, നജിന നർജാസ്, പ്രമോദൻ, രാജീവ്, ലിൻഷിദ, ഷാഹുൽ ഹമീദ തുടങ്ങി ഡോക്ടർമാരും ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.