ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിച്ച് ടൂറിസം വികസന സാധ്യതകൾ
കോതമംഗലം: ഇഞ്ചത്തൊട്ടിയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. നവംബറിൽ ഇഞ്ചത്തൊട്ടിയിൽ കയാക്കിംഗ് ആരംഭിക്കുന്നതിനും സഞ്ചാരികൾക്കായി മനോഹരമായ പാർക്ക് ഒരുക്കുന്നതിനും പുതിയ പാലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു. തൂക്കുപാലവും പെരിയാറിന്റെ മനോഹാരിതയും ഉൾപ്പെടെ ഇഞ്ചത്തൊട്ടിയുടെ പ്രകൃതിസൗന്ദര്യം വിനോദസഞ്ചാര മേഖലയ്ക്കായി മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും പറഞ്ഞു.
കയാക്കിംഗ് ആരംഭിക്കുന്നതോടെ ഇഞ്ചത്തൊട്ടിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നും സാഹസിക വിനോദസഞ്ചാര രംഗത്ത് പ്രദേശത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്നും വ്യക്തമാക്കി. ഇഞ്ചത്തൊട്ടിയുടെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കും. സഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത്. പുതിയ പാലത്തിനായുള്ള തുടർനടപടികളും സ്വീകരിക്കും.
ഇഞ്ചത്തൊട്ടിയുടെ ടൂറിസം സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശനത്തിൽ ഡിടിപിസി സെക്രട്ടറി ലിജോ ജോസ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.