നെടുവാലൂർ ചേരൻകുന്ന് സെന്റ് ജോസഫ് പള്ളിയുടെ കൂദാശ കർമം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കുന്നു.
നെടുവാലൂർ: നെടുവാലുർ ചേരൻകുന്നിലെ പുതിയ സെന്റ് ജോസഫ് പള്ളിയുടെ കൂദാശകർമം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. ജീവിതവഴികളിൽ വിശ്വാസത്തിനൊപ്പം സഞ്ചരിക്കുന്നവർക്കൊപ്പമാണ് ദൈവമെന്നും പുതിയ കാലഘട്ടത്തിൽ വിശ്വാസം ജീവിതത്തിന്റെ ഭാഗമാണെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വിശുദ്ധിയുടെ പാതയിലൂടെ സഞ്ചരിക്കുവാനുള്ള ശക്തി ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവിനൊപ്പമാണ് ദൈവം.
അവർ സമൂഹത്തിൽ നന്മയുടെ പ്രകാശം തെളിയിക്കുന്നവരാകുമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. കൂദാശ കർമത്തിനെത്തിയ ആർച്ച്ബിഷപ്പിന് സ്വീകരണം നൽകിയാണ് വിശ്വാസി സമൂഹം വരവേറ്റത്. തുടർന്ന് പുതുതായി നിർമിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് നടത്തിയ ശേഷമാണ് പള്ളിയുടെ കൂദാശ കർമം നിർവഹിച്ചത്.
അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻപാലാക്കുഴി, ചെമ്പന്തൊട്ടി ഫൊറോനാ വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ എന്നിവർ സഹകാർമികരായിരുന്നു. മോൺ.ആന്റണി മുതുകുന്നേൽ, മോൺ.മാത്യുഇളംതുരുത്തിപടവിൽ, ഫാ. ജോസഫ് കാക്കരമറ്റത്തിൽ, പള്ളിവികാരി ഫാ. റിനോയ് പോൾ ഇടത്തിനകത്ത് എന്നിവർ നേതൃത്വം വഹിച്ചു. ചടങ്ങിൽ പങ്കെടുക്കാനും അനുഗ്രഹത്തിനുമായി ആയിരങ്ങളാണ് എത്തിയത്. കൂദാശയ്ക്കു ശേഷം അനുമോദന സമ്മേളനവും നടന്നു.
വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യാമറിയത്തിന്റെയും തിരുനാൾ മഹോത്സവത്തിന് ഇന്ന് വൈകുന്നേരം 4.15ന് കൊടിയേറും. തുടർന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോബി ജേക്കബ് കോട്ടക്കുഴി സഹകാർമികനാകും.
നാളെ മുതൽ 14 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ആഘോഷമായ കുർബാന, നൊവേന എന്നിവ നടക്കും. 14ന് വൈകുന്നേരം 4.30ന് ആഘോഷമായ സമൂഹബലിക്ക് ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാപാന ആശീർ വാദം, വാദ്യമേളങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട് ഫയർ ഷോ എന്നിവയും ഉണ്ടാകും. സമാപന ദിവസമായ 15ന് രാവിലെ 9.30ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, സേനഹവിരുന്ന് എന്നിവ നടക്കും രാത്രി ഏഴിന് ഗാനമേള അരങ്ങേറും.
Tags : St. Joseph Church nattuvishesham district news deepika news St. Joseph's Church Cherankunnu