കണ്ണൂർ ജവഹർ ലൈബ്രറിയിൽ ഒരുക്കിയ വി.എസ്. അച്യുതാനന്ദന്റെയും എം.എൻ. വിജയന്റെയും ഫോട്ടോകളുടെ പ്രദർശനം.
കണ്ണൂർ: ഒരാൾ വാക്കിന്റെ മൂർച്ചയിൽ വിപ്ലവം തീർത്ത് സമൂഹത്തിലിടപെട്ടു, മറ്റൊരാൾ അനീതിക്കെതിരേ വിപ്ലവം തീർത്ത് ജനങ്ങളിലേക്കിറങ്ങി. അങ്ങനെ വ്യത്യസ്ത മാർഗത്തിൽ സഞ്ചരിച്ച് ഒരേ ദിശയിലെത്തിയ പ്രഫ. എം.എൻ. വിജയനും വി.എസ്. അച്യുതാനന്ദനും. പ്രഫ. എം.എൻ. വിജയന്റെ ഓർമദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂർ ജവഹർ ലൈബ്രറിയിൽ ആരംഭിച്ച ഫോട്ടോപ്രദർശനം ഈ രണ്ടു വ്യക്തികളുടെയും നിലപാടുകൾ കൊണ്ട് പേമാരിയായ മുഹൂർത്തങ്ങൾ പറയുന്നതാണ്.
തന്റെ അവസാന എഴുത്തിൽ എം.എൻ. വിജയൻ ഇങ്ങനെ പറയുന്നുണ്ട്, ‘ഇരയായി ഇര പിടിക്കുക’, അതൊരു വെറും വാക്കായിരുന്നില്ല, സമൂഹത്തിന്റെ സകല ജീർണതകളേയും തുറന്നുകാണിക്കുന്ന വാചകങ്ങളായിരുന്നു. ഫാസിസത്തിനും അധികാരപ്രവണതകൾക്കുമെതിരേ വിട്ടുവീഴ്ചയില്ലാതെ പൊരുതി വിജയംകൊയ്ത എഴുത്തുകാരനാണ് പ്രഫ. എം.എൻ. വിജയൻ. അദ്ദേഹത്തിന്റെ ഓരോ വാക്കും പ്രദർശന നഗരിയിലെ താത്കാലിക കാൻവാസിൽ പതിപ്പിച്ചത് കാണാനെത്തുന്നവരുടെ മനസിൽ ഒരിക്കലും മായാതെ കൊത്തിവയ്ക്കപ്പെടുമെന്നത് തീർച്ചയാണ്.
ജനകീയപോരാട്ടങ്ങളുടെ കനൽവഴി താണ്ടിയ വിപ്ലവസൂര്യൻ വി.എസ്. അച്യുതാനന്ദൻ മതികെട്ടാൻ മലയിൽ പോയതും മൂന്നാർ ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ എടുത്തതും തന്റെ പാർട്ടി തീരുമാനം മറികടന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ കാണാൻചെന്നതും എല്ലാം കാൻവാസിൽ കൊളുത്തിവച്ച തീനാളങ്ങളായി മാറുന്ന കാഴ്ചയാണ് ഫോട്ടോ പ്രദർശനത്തിൽ. രണ്ട് മഹാപ്രതിഭകളുടെ അപൂർവനിമിഷങ്ങളെ കോർത്തിണക്കിയ ഫോട്ടോ പ്രദർശനം കാഴ്ചയ്ക്കപ്പുറം ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായി മാറുന്നവയായിരുന്നു.എം.എൻ. പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഇന്നു സമാപിക്കും
Tags : sharpness of the word nattuvishesham district news deepika news Here lies the sharpness of the word