വിതരണത്തിനെത്തിച്ച പുഴുക്കൾ നിറഞ്ഞ അരി.
വാഴക്കുളം: പൊതുവിതരണ കേന്ദ്രത്തിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുക്കളെ കണ്ടതിനെ തുടർന്ന് ലോഡിറക്കാതെ തിരിച്ചയച്ചു. വാഴക്കുളത്ത് കല്ലൂർക്കാട് കവലയിലുള്ള റേഷൻ കടയിൽ ഇന്നലെ വൈകുന്നേരം എത്തിച്ച കുത്തരിയിലാണ് പുഴുവിന്റെ സാന്നിധ്യം കണ്ടത്. അരി ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളികളാണ് പുഴുവിന്റെ സാന്നിധ്യം കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഏതാനും ചാക്കുകൾ വാഹനത്തിൽ നിന്നിറക്കിയിരുന്നു. അരി താഴെ വീഴുന്നത് നീക്കം ചെയ്യാനായി വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റിൽ പുഴു അരിക്കുന്നത് കണ്ടാണ് ചാക്കുകളും വാഹനവും പരിശോധിച്ചത്. തുറന്നു പരിശോധിച്ച ചാക്കുകളിലും പുഴുക്കളെ കണ്ടെത്തി. ഗുണനിലവാരത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഇറക്കിയ ലോഡ് ഉൾപ്പടെ തിരികെ കയറ്റിവിടുകയായിരുന്നു.
വാഴക്കുളത്തും വേങ്ങച്ചുവട്ടിലെ പൊതു വിതരണ കേന്ദ്രത്തിലും വിതരണം ചെയ്യാനായിരുന്നു മൂവാറ്റുപുഴ എൻഎസ്എഫ്എ ഗോഡൗണിൽ നിന്ന് അരി എത്തിച്ചത്.